കെ വരദരാജൻ നഗർ (തൃശൂർ)
കർഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ട്, ലോകത്തെ മൂന്നാമത്തെ ധനികനായി ഗൗതം അദാനിയെ വളർത്തിയതാണ് മോദിഭരണത്തിൽ നടന്ന പ്രധാനകാര്യമെന്ന് അഖിലേന്ത്യാ കിസാൻസഭാ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ. കർഷകരെ കൂട്ടത്തോടെ ആത്മഹത്യയിലേക്കും കൊടിയ ദുരിതത്തിലേക്കും തള്ളിവിട്ടാണ് മോദിസർക്കാർ അദാനിയേയും അംബാനിയേയുംപോലുള്ള കുത്തകകളെ വളർത്തുന്നത്.
ബൽക്കീസ്ബാനു കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ മോദി ഭരണത്തിൽ വെറുതെവിടുകയാണ് ചെയ്തത്. മനുഷ്യാവകാശ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുകയാണ്. ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരോടെല്ലാം കടുത്ത അവഗണനയാണ്. അതേസമയം, കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മികച്ച ക്ഷേമ–- വികസന പ്രവർത്തനങ്ങൾ നടക്കുന്നു. കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലേത്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് മറ്റെല്ലാ സംസ്ഥാനങ്ങളിലും 2040 രൂപ മാത്രം നൽകുമ്പോൾ, കേരള സർക്കാർ 2870 രൂപയാണ് കർഷകർക്ക് നൽകുന്നത്. തൊഴിലാളികൾക്ക് കേവലം 250–- 300 രൂപമാത്രം മറ്റു സംസ്ഥാനങ്ങളിൽ കൂലിയുള്ളപ്പോൾ, കേരളത്തിൽ 900–- 1200 രൂപയാണ് ഒരുദിവസം ലഭിക്കുന്ന കൂലി. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ കർഷകരെ ദോഷകരമായി ബാധിക്കുന്നതിനിടെയാണ് ബിജെപി–- ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ കർഷകരെ നിർദാക്ഷിണ്യം ദ്രോഹിക്കുന്നത്–-ധാവ്ളെ പറഞ്ഞു.