തിരുവനന്തപുരം
രാജ്യത്ത് തൊഴിലില്ലായ്മാനിരക്ക് റെക്കോഡിലെത്തിയിട്ടും കേന്ദ്ര സർവീസുകളിൽ 10 ലക്ഷത്തോളം തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ മൂന്നാമത് അഖിലേന്ത്യ സമ്മേളനം എ കെ ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ കേന്ദ്രസർവീസുകളിൽ 4.21 ലക്ഷം തസ്തിക ഒഴിഞ്ഞുകിടന്നിരുന്നു. ഇപ്പോഴത് 10 ലക്ഷമായി. 8 വർഷത്തിനിടെ 0.33 ശതമാനംപേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 20 നും 24 നും ഇടയിൽ പ്രായമുള്ള 42 ശതമാനംപേരും തൊഴിൽരഹിതരായ രാജ്യത്താണ് ഈ സ്ഥിതി. കർഷകസമരത്തിന്റെ ഫലമായി കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിച്ചെങ്കിലും അവ മറ്റ് രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമം കേന്ദ്രം തുടരുന്നു. 3 വർഷത്തിനിടെ ലക്ഷത്തിലധികം തൊഴിലാളികൾ രാജ്യത്ത് ആത്മഹത്യ ചെയ്തു.
സ്വതന്ത്രരാജ്യമായി ഏഴര പതിറ്റാണ്ട് പൂർത്തിയാക്കിയിട്ടും ദാരിദ്ര്യം തുടച്ചുനീക്കാനും പോഷകാഹാരക്കുറവും തൊഴിലില്ലായ്മയും പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. എല്ലാ ക്ഷേമ നടപടികളിൽനിന്നും കേന്ദ്രം പിൻമാറുന്നു. സംസ്ഥാന സർക്കാരുകളോടും അങ്ങനെ ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അവർക്ക് ക്ഷേമം സൗജന്യവും ഞങ്ങൾക്കത് ജനങ്ങളുടെ അവകാശവുമാണ്. പൊതുമേഖല സംരക്ഷിക്കുക, സാമൂഹ്യക്ഷേമം ശക്തിപ്പെടുത്തുക, പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസ സംവിധാനങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയവയിലാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം ഒന്നാമതാണ്.
സംസ്ഥാനത്തിന്റെ ക്ഷേമ പെൻഷൻ രാജ്യത്തെ ഏറ്റവും ഉയർന്നതാണ്. കേന്ദ്രം വരുമാനം വെട്ടിക്കുറച്ചിട്ടും 6 വർഷത്തിനിടെ 70,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.