ന്യൂഡൽഹി > ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ്ബന്ധം ഉണ്ടായിരുന്നതായി ആരോപിച്ചുള്ള ‘തെളിവുകൾ’ അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ സൈബർ ആക്രമണം വഴി നിക്ഷേപിച്ചതാണെന്ന് അമേരിക്കൻ ഫോറൻസിക് ലാബ് റിപ്പോർട്ട്. ബോസ്റ്റൺആസ്ഥാനമായ ആർസണൽകൺസൾട്ടിങ് എന്ന ഏജൻസിയുടെ പരിശോധനറിപ്പോർട്ട് ‘ദി വാഷിങ്ടൺ പോസ്റ്റ്’ പുറത്തുവിട്ടു. ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ് ഇലക്ട്രോണിക് തെളിവുകളുടെ നിജസ്ഥിതി പരിശോധിക്കാൻ ഇവരുടെ സഹായം തേടിയത്. ഭീമ കൊറഗാവ് കേസിൽഎൻഐഎ അറസ്റ്റുചെയ്ത ഫാ. സ്റ്റാൻസ്വാമി കസ്റ്റഡിയിൽ കഴിയവെ രോഗം ബാധിച്ച് കഴിഞ്ഞവർഷം ജൂലൈയിൽമരിച്ചു.
റാഞ്ചിയിൽ ജസ്യൂട്ട് വൈദികനായിരുന്ന സ്റ്റാൻസ്വാമിയുടെ കംപ്യൂട്ടർ 2014 മുതൽ അഞ്ച് വർഷം സൈബർ നുഴഞ്ഞുകയറ്റത്തിന് വിധേയമായെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞു. ഫാ. സ്റ്റാൻ സ്വാമിയുടെ മാവോയിസ്റ്റ്ബന്ധം വ്യക്തമാക്കുന്ന 44 രേഖകൾ അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയെന്നാണ് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. എന്നാൽ 22 ഫോൾഡറിലായി ലാപ്ടോപ്പിൽ ഉണ്ടായിരുന്ന ഈ രേഖകൾ അദ്ദേഹം ഒരിക്കൽപോലും തുറന്നിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞു.
സൈബർ ആക്രമണത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ 2019 ജൂൺ 11നു ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ട്. ജൂൺ 12നാണ് ഫാ. സ്റ്റാൻസ്വാമിയുടെ ലാപ്ടോപ്പ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് നടപടിയെക്കുറിച്ച് സൈബർ അക്രമിക്ക് വിവരം ലഭിച്ചിരുന്നെന്ന സംശയവും ഉയരുന്നു. ഇതേ കേസിൽ എൻഐഎ പ്രതികളാക്കിയ റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ കംപ്യൂട്ടറുകളും ഇതേ രീതിയിൽ സൈബർ ആക്രമണത്തിന് വിധേയമായെന്ന് ആർസണൽ കൺസൾട്ടിങ് കണ്ടെത്തിയിരുന്നു.