കെ വരദരാജൻ നഗർ (തൃശൂർ)
കുടമാറ്റനഗരിയിൽ ഇനി മൂന്നുനാൾ കർഷകകൂട്ടായ്മയുടെ പൂരോത്സവം. ഐതിഹാസികമായ കർഷകപോരാട്ടത്തിന്റെ കരുത്തും ആവേശവുമായി കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന് സാംസ്കാരിക നഗരിയിൽ ഉജ്വല തുടക്കം. പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള ഉദ്ഘാടനം ചെയ്തു. ബദലിനായി മുന്നേറ്റം, തുടർ സമരം, കർഷക ഐക്യം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയുള്ള ചർച്ചകൾ സമ്മേളനത്തെ സജീവമാക്കും. ഡൽഹി കർഷക സമര ഒത്തുതീർപ്പ് നടപ്പാക്കണമന്നാവശ്യപ്പെട്ടുള്ള അഖിലേന്ത്യാ സമരത്തിന് സമ്മേളനം രൂപം നൽകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് ജനറൽ സെക്രട്ടറി ഹന്നൻമൊള്ളയും പറഞ്ഞു. 803 പ്രതിനിധികൾ പങ്കെടുക്കുന്നു. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ചയും തുടങ്ങി. 16 വരെയാണ് സമ്മേളനം.
ജോയിന്റ് സെക്രട്ടറി എൻ കെ ശുക്ല രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വർഗ ബഹുജന സംഘടനകളുടെ ദേശീയ ഭാരവാഹികളും പങ്കെടുത്തു.
ബ്യൂഗിൾ സല്യൂട്ട്, ചുവപ്പ് വളണ്ടിയർമാരുടെ അഭിവാദ്യം, കരിമരുന്ന് പ്രയോഗം എന്നിവയുടെ അകമ്പടിയിൽ സമ്മേളന നഗറിൽ പ്രസിഡന്റ് ധാവ്ളെ പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പുലികളി, പാണ്ടിമേളം, തിറ എന്നിവയുടെ അകമ്പടിയിലാണ് പ്രതിനിധികളെ സ്വീകരിച്ചത്. കർഷകസമര നേതാക്കളായ രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കളെ ആദരിച്ചു.