തിരുവനന്തപുരം> ദേശീയതലത്തില്‍ പുതിയ വിദ്യാഭ്യാസനയം 2020 ജൂലൈ 29 ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിക്കാനുള്ള നിര്‍ദ്ദേശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്ന ഘട്ടമാണിത്. ഒരു രാഷ്ട്രത്തിന്റെ ഭരണഘടനക്കനുസൃതമായ പൗരസമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രസ്തുത രാഷ്ട്രത്തിന്റെ വിദ്യാഭ്യാസം കൊണ്ട് സ്വാഭാവികമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ദേശീയ വിദ്യാഭ്യാസനയം 2020 ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാ ദര്‍ശനങ്ങളെ പാടെ തിരസ്ക്കരിക്കുന്നു എന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ പദങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടില്ല എന്നതാണ് വിമര്‍ശനങ്ങളുടെ കാതല്‍.
ഇത്തരം ഒരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്ക്കരണം ആസൂത്രണം ചെയ്തിരിക്കുന്നത്. സുതാര്യവും ജനാധിപത്യപരവുമായി പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കേരളത്തിലും കേരളത്തിന് പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധരെയും സര്‍വ്വകലാശാല പ്രൊഫസര്‍മാരേയും കോളേജ് അധ്യാപകരെയും സ്കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഈ ഫോക്കസ് മേഖലകളെ സംബന്ധിച്ചുള്ള നിലപാട് രേഖകള്‍ (പൊസിഷന്‍ പേപ്പറുകള്‍) തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
പ്രസ്തുത പൊസിഷന്‍ പേപ്പറുകള്‍ തയ്യാറാക്കുന്നതിന് സ്കൂള്‍തലം മുതല്‍ വിപുലമായ ജനകീയ ചര്‍ച്ചകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന്, ബ്ലോക്ക്, ജില്ല സംഘാടക സമിതികളുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചകള്‍ ഫലപ്രദമായി നടത്തുന്നതിന് കുറിപ്പുകള്‍ അടങ്ങിയ ഒരു കൈപ്പുസ്തകം ”പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ – സമൂഹ ചര്‍ച്ചയ്ക്കുള്ള കുറിപ്പുകള്‍’ എന്ന പേരില്‍ എസ്.സി.ഇ.ആര്.ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഇത് ചര്‍ച്ചകള്‍ക്കുള്ള ചില സൂചകങ്ങള്‍ മാത്രമാണ്. നിലപാട് രേഖയോ, പാഠ്യപദ്ധതി ചട്ടക്കൂടുകളോ അല്ല, ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ചാക്കുറിപ്പുകള്‍ മാത്രമാണെന്നതാണ് വസ്തുത. ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വതന്ത്രമായി അഭിപ്രായവും ആശങ്കകളും പങ്കുവയ്ക്കുന്നതിനുള്ള സുതാര്യമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരു കുട്ടിയെയും മാറ്റി നിര്‍ത്താന്‍ പാടില്ല എന്ന ആശയമാണ് ജനകീയ ചര്‍ച്ചയ്ക്കായി മുന്നോട്ട് വച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് മതം, ജാതി, ലിംഗം, വര്‍ണം, വര്‍ഗം, പ്രദേശം എന്നിവയുടെ പേരില്‍ വിവേചനം അനുവദിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 14 എല്ലാതരത്തിലുമുള്ള സമത്വം വിഭാവനം ചെയ്യുന്നു. ജെന്‍ഡര്‍ എന്നത് ഒരു സാമൂഹ്യ നിര്‍മ്മിതിയാണ് എന്നാണ് ചര്‍ച്ചാക്കുറിപ്പില്‍ പറയുന്നത്. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മിതിയാണെന്നും സെക്സ് അഥവാ ലിംഗം എന്നത് ജൈവപരമാണെന്നും കുട്ടികള്‍ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ആയതിനാല്‍ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സവിശേഷ പരിഗണനയും സംരക്ഷണങ്ങളും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വഴി ഇല്ലാതാകും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
സ്കൂള്‍ സമയമാറ്റത്തെക്കുറിച്ചുള്ള ചോദ്യം സംബന്ധിച്ച്, പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളയിടത്തെല്ലാം ഇത്തരം മാറ്റങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ പൊതു സമൂഹത്തിന്റെ അഭിപ്രായം ആരായുന്നതിനുള്ള ഒരു ആശയം മാത്രമാണ്. ഇത് ഒരു തീരുമാനമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല.
ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങളും മൂല്യങ്ങളും സാര്‍ത്ഥകമാക്കുന്ന പാഠ്യപദ്ധതിയേ കേരളത്തില്‍ വികസിപ്പിക്കുകയുള്ളൂ. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പുലരുക എന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മതനിരപേക്ഷത എന്നാല്‍ മതനിഷേധമല്ല. ഭരണഘടനയുടെ ആമുഖം തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വത്തിനുള്ള അവകാശം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ആര്‍ട്ടിക്കിള്‍ 15 പ്രകാരം മതം, വര്‍ഗ്ഗം, ജാതി, ലിംഗം, ജനന സ്ഥലം അല്ലെങ്കില്‍ അവയില്‍ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുള്ളതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മൗലീക കര്‍ത്തവ്യങ്ങളുടെ ഭാഗമായി ആര്‍ട്ടിക്കിള്‍ 51 എ -യില്‍ ഉപവിഭാഗം എച്ച് -ല്‍ ശാസ്ത്രീയമായ കാഴ്ച്ചപ്പാടും, മാനവീകതയും, അന്വേഷണത്തിനും പരിഷ്ക്കരണത്തിനുമുള്ള മനോഭാവം വികസിപ്പിക്കുക എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്.
കൂട്ടായ ചര്‍ച്ചകളിലൂടെ ഭരണഘടനാ ദര്‍ശനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും സാമൂഹികമായ സമവായം ഉണ്ടാക്കാനും നമുക്ക് കഴിയും. മതനിഷേധം എന്നത് സര്‍ക്കാറിന്റെ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാറിനില്ല. ബഹുസ്വരതയെ, വൈവിധ്യങ്ങളെ, വൈജാത്യങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് തന്നെയാകും സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്താമാക്കി.