തിരുവനന്തപുരം> യുഡിഎഫ് കാലത്ത് 976 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി . ഇവിടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നത് ഒരു അപാകമായാണ് പ്രമേയാവതാരകന് പറയുന്നത്. സംഭവങ്ങള്‍ ശ്രദ്ധയില്പ്പെടുമ്പോഴും പരാതി ലഭിക്കുമ്പോഴും പോലീസ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നു എന്നതിന്റെ തെളിവുകൂടിയല്ലേ ഇത്. ഇത്തരം കേസുകളില്‍ അന്വേഷണത്തില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇവിടെയൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള കേസിന്റെ എണ്ണം അദ്ദേഹം പറഞ്ഞു. 15 ആണത്രേ, അതില്‍ എത്ര കേസ് അദ്ദേഹം ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നുവെന്നത് മനസ്സിലാക്കിയിട്ടുണ്ടോ? ഒന്ന് അന്വേഷിച്ചു നോക്കണം.എൽഡിഎഫ് കാലത്ത് 828 പോലീസുകാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ.
അമ്പലവയല്‍ പോക്സോ കേസ് ഇരയെ തെളിവെടുപ്പിനിടെ എ എസ് ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ക്രൈം നം. 641/2022 പ്രകാരം പോക്സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വയനാട് സ്പെഷ്യല്‍ മൊബൈല്‍ യൂണിറ്റ് ഡിവൈഎസ്പി അന്വേഷിച്ചു വരുന്നു.
പ്രഭാത സവാരിക്കു പോയ വനിതയെ തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ആക്രമിച്ച പ്രതിയെ കാലതാമസം കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയിട്ടുണ്ട്.തലശ്ശേരിയില്‍ കാറില്‍ ചാരിനിന്ന കുട്ടിയെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യുകയും വധശ്രമത്തിന് കേസ്സെടുത്ത് റിമാന്റ് ചെയ്തിട്ടുമുണ്ട്.
കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ അന്വേഷണം സംസ്ഥാന പോലീസ് നടത്തുകയില്ലായെന്നും അത് സിബിഐ പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കുമെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇത്തരം സംഭവങ്ങളെല്ലാം തന്നെ സിബിഐ അന്വേഷണത്തിന് വിട്ടിട്ടുമുണ്ട്.
മൂന്നാംമുറയോടും കസ്റ്റഡി മര്‍ദ്ദനങ്ങളോടും സംസ്ഥാന സര്‍ക്കാരിന് സീറോ ടോളറന്‍സാണുള്ളത്. ഈയവസരത്തില്‍ പോലീസ് സംവിധാനത്തെ ഭരണകൂടം ഏതെല്ലാം തരത്തില്‍ വിനിയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ചരിത്രത്തിലേക്ക് കൂടുതൽ പോകുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും നാടുവാഴി ഭരണത്തിന്റെയും കാലത്ത് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ മുഖ്യമായും പോലീസിനെയാണ് ഉപയോഗിച്ചിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടും പോലീസിന്റെ വിനിയോഗത്തില്‍ കാര്യമായ മാറ്റം വന്നില്ല.
ജനാധിപത്യ വ്യവസ്ഥയില്‍ പോലീസ് ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കാതലായ വ്യത്യാസമുള്ള സമീപനം നമ്മുടെ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്തതും നടപ്പില്‍ വരുത്തിയതും 1957 ലെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച സര്‍ക്കാരാണ്.
2016 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സേവനമനോഭാവമുള്ള പോലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തില്‍ ലഭിച്ചിട്ടുമുണ്ട്.
സേനയുടെ ആധുനികവത്ക്കരണത്തിലും കുറ്റാന്വേഷണ മികവിലും രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പോലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാതൃകാപരമായ നടപടികള്‍ പോലീസ് സേന സ്വീകരിച്ചുവരുന്നുണ്ട്. പോക്സോ കേസുകള്‍ സമയബന്ധിതമായി വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കാന്‍ 58 പുതിയ പ്രത്യേക കോടതികള്‍ രൂപീകരിച്ചിട്ടുണ്ട്.
2016 മേയ് മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 504 കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് നടപടികള്‍ക്കൊപ്പം ശക്തമായ സാമൂഹിക ബോധവത്ക്കരണവും കൗണ്‍സലിംഗും നടക്കുന്നുണ്ട്.
തുമ്പില്ലായെന്ന് വിലയിരുത്തപ്പെട്ട കേസുകളില്‍ പോലും പ്രത്യേക ശ്രദ്ധപതിപ്പിച്ച് തെളിവുകള്‍ ശേഖരിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ റിക്കോര്‍ഡ് പോലീസിനുണ്ട്.മുഖ്യമന്ത്രി പറഞ്ഞു.