മനാമ> ഇറാനുമായി നല്ല ബന്ധമില്ലാതെ മേഖലയില്‍ സ്ഥിരതയുണ്ടാകില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന്. മേഖലയുടെ സ്ഥിരതക്കും ജനങ്ങളുടെ ക്ഷേമത്തിനും ഗുണകരമായ രീതിയില്‍ ഇറാനുമായി ക്രിയാത്മക ബന്ധം സ്ഥാപിക്കാനുള്ള ശ്രമം സൗദി തുടരും. റിയാദിലെ അറബ്- ചൈന ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് സൗദി വിദേശമന്ത്രിയുടെ പ്രസ്താവന.
ഇറാന് മേലയുടെ ഭാഗവും അയല്‍ രാജ്യവുമാണ്. ആഗോള രാഷ്ട്രീയ രംഗത്ത് സൗദിക്ക് പ്രധാന റോളുണ്ട്. സൗദിയടക്കമുള്ള മേഖലയിലെ രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ഇറാന് നേതാക്കളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഇത് യഥാര്‍ത്ഥ ബന്ധങ്ങളിലേക്ക് പരിവര്ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
ആഗോളതലത്തില്‍ പ്രധാന ശക്തിയാണ് ചൈന. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുമായി സഹകരിക്കേണ്ടത് അനവാര്യമാണ്. അതിനര്‍ഥം ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയുമായി സഹകരിക്കരുത് എന്നല്ല. എല്ലാ രാജ്യങ്ങളുമായി സൗദിക്ക് തന്ത്രപരമായ ബന്ധം ഉണ്ട്. ചൈനയുമായി ബന്ധം ശക്തമാക്കാനായാണ് സൗദി-ചൈന, ഗള്‍ഫ്-ചൈന, അറബ്-ചൈന ഉച്ചകോടികള്‍ സംഘടിപ്പിച്ചത്. റഷ്യക്കും ചൈനക്കും ഇടയില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്നതില്‍ സൗദി കിരീടവകാശി സല്മാന് രാജകുമാരന് മധ്യസ്ഥത വഹിച്ചതായും അദ്ദേഹം പറഞ്ഞു.