തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന മുഴുവൻ വിദ്യാർഥികളുടെയും വിവരസാങ്കേതിക വിദ്യാധിഷ്ഠിത വിവരശേഖരം ഉറപ്പാക്കും. ഇതിനായി കേരള റിസോഴ്സസ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെറീപ്പ്) പദ്ധതിക്ക് അടുത്ത അധ്യയനവർഷം തുടക്കമാകും.
ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്, എൻജിനിയറിങ് കോളേജുകളിലെ വിദ്യാർഥികളെല്ലാം പദ്ധതിയുടെ ഭാഗമാകും. പ്രവേശനം നേടുന്ന വിദ്യാർഥിയുടെയും പഠനകാല ജീവിതം ഓൺലൈൻ സംവിധാനത്തിൽ സൂക്ഷിക്കും. വിദ്യാർഥികൾക്കും അധ്യാപക, അനധ്യാപക ജീവനക്കാർക്കും വിവരശേഖരത്തിലേക്ക് പ്രവേശനമുണ്ടാകും. ആദ്യവർഷം അഞ്ചുലക്ഷത്തോളം പേരെ രജിസ്റ്റർ ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർവകലാശാലകളുമായി പദ്ധതി ചർച്ച തുടങ്ങി. സാങ്കേതിക സർവകലാശാലയിലെ സ്റ്റുഡന്റ്സ് പോർട്ടൽ കെറീപ്പിന് മാതൃകയാകും. അക്കാദമിക കാര്യങ്ങൾക്കൊപ്പം വിദ്യാർഥികളുടെ സർവതോന്മുഖമായ വിവരശേഖരണം ഉറപ്പാക്കും.
ഓൺലൈൻ വിദ്യാർഥി ജീവിത രജിസ്ട്രി (സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ്)യായിരിക്കും സോഫ്റ്റ്വെയറിൽ രൂപപ്പെടുത്തുന്ന ആദ്യഘടകം. മനുഷ്യവിഭവ വികസനം, അഫിലിയേറ്റഡ് കോളേജുകൾ, അധ്യാപകർ തുടങ്ങിയ വിഭാഗങ്ങളായി ഭരണതലം, പരീക്ഷാതലം, പഠനപരിപാലന സംവിധാനം എന്നിങ്ങനെ പോർട്ടലുകൾ നിലവിൽവരും. ആദ്യരണ്ടുഘട്ടം ഒരു വർഷത്തിനുള്ളിലും മൂന്നാംഘട്ടം മൂന്നാം വർഷത്തിനുള്ളിലും ഉറപ്പാക്കും. ആദ്യഘട്ടത്തിൽ സർവകലാശാലാതല ഏകീകരണം നടക്കും. തുടർന്ന്, കോളേജുതലത്തിലേക്ക് വ്യാപിപ്പിക്കും. ഇതോടെ നയരൂപീകരണത്തിനടക്കമുള്ള വൻവിവരശേഖരം ഉറപ്പാകും.
ബൃഹത് ഓൺലൈൻ പഠനസൗകര്യം
ലോകത്ത് എവിടെയിരുന്നും കേരളത്തിലെ സർവകലാശാലകളിലെ കോഴ്സ് (മാസിവ് ഓൺലൈൻ കോഴ്സ്) പഠിക്കാൻ കെറീപ്പ് സൗകര്യമൊരുക്കും. എംജി സർവകലാശാലയുടെ പരീക്ഷണം ഇതിന് മാതൃകയാക്കും. ക്ലാസ് മുറികൾക്കു പുറത്തുള്ള പഠന (ഫ്ലിപ്പിഡ് ലേണിങ്) രീതിയും സ്വീകരിക്കും.
ഡിഗ്രി റിസർച്ചും വരും
ഡിഗ്രി വിജയകരമായി പൂർത്തിയായാൽ നേരിട്ട് ഗവേഷണ പഠനത്തിലേക്ക് കടക്കാനാകുന്ന ഡിഗ്രി റിസർച്ച് കോഴ്സും പരിഗണനയിൽ. സർവകലാശാല വകുപ്പുകളിലായിരിക്കും കോഴ്സിന് തുടക്കം. പ്രോജക്ട് മാതൃകാ കോഴ്സുകളും ആലോചനയിലുണ്ട്. നൂതന വിഷയങ്ങളിലെ കോഴ്സുകൾ കാലത്തിന് അനുസരിച്ച് മാറും. ആവശ്യമെങ്കിൽ അധ്യാപകരും മാറുന്നതായിരിക്കും സമ്പ്രദായം. കാലഘട്ടം ആവശ്യപ്പെടുന്ന കോഴ്സുകളിൽ പഠനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കാലഹരണപ്പെടുന്ന കോഴ്സുകളിൽ സമയബന്ധിത മാറ്റവും ഉറപ്പാക്കും.