ലണ്ടൻ
ബ്രിട്ടനിൽ കൗമാരക്കാരിയെ ബാധിച്ച ഗുരുതരമായ രക്താർബുദം നൂതന ജനിതക എന്‍ജിനീയറിങ് ചികിത്സാരീതിയിലൂടെ ഭേദമാക്കി. ലെസ്റ്ററിൽനിന്നുള്ള പതിമൂന്നുകാരി അലിസയ്ക്ക് കഴിഞ്ഞ വർഷമാണ് ഗുരുതരമായ രക്താർബുദം കണ്ടെത്തിയത്. ലണ്ടനിലെ ഗ്രേറ്റ് ഓർമോൺഡ് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ ‘ബേസ് എഡിറ്റിങ്’ ചികിത്സാരീതി ഉപയോഗിച്ച് നടത്തിയ ശ്രമമമാണ് വിജയകരമായത്. ചികിത്സയ്ക്കുശേഷം അലിസയിൽ അർബുദം കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ടുചെയ്തു.
കീമോതെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ എന്നിവയ്ക്ക് വിധേയയായെങ്കിലും രോഗം ഭേദമായില്ല. തുടർന്ന് ബേസ് എഡിറ്റിങ് എന്ന സങ്കേതം ഡോക്ടർമാർ പരീക്ഷിക്കുകയായിരുന്നു. രോഗകാരിയായ ടി കോശത്തിലെ തന്മാത്രാഘടന അതിസൂഷ്മമായി മാറ്റംവരുത്തുന്ന പ്രക്രിയയാണിത്.