ദോഹ
ഏത് പതർച്ചയ്ക്കുശേഷവും ഒരു തിരിച്ചുവരവുണ്ടായിരുന്നു. അവസാനിച്ചുവെന്ന് വിധിയെഴുതുന്ന ഘട്ടത്തിലൊരു കൊടുങ്കാറ്റ്–- അതായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തറിൽ ആ ഉയിർപ്പിനായിരുന്നു കാത്തിരിപ്പ്. പക്ഷേ, കണ്ണീരുതിർത്ത്, തലതാഴ്ത്തി മടങ്ങുന്നതായി അവസാനചിത്രം. ലോകവേദിയിൽ ഇനി ഉണ്ടായേക്കില്ല ഈ ചലനങ്ങൾ. ലോകകപ്പ് എന്ന സ്വപ്നം ബാക്കി. കളിജീവിതംതന്നെ ഇനി എങ്ങോട്ടെന്ന ആശങ്ക നൽകിയാണ് റൊണാൾഡോയുടെ തിരിച്ചുപോക്ക്.
ഈ ലോകകപ്പ് ഒരിക്കലും റൊണാൾഡോയ്ക്ക് സന്തോഷം പകർന്നിട്ടില്ല. പകരക്കാരനായും പിന്നെ പരിശീലകനോട് കയർത്തും ആദ്യ 11ൽ ഉൾപ്പെടാതെയും ഖത്തറിൽ റൊണാൾഡോ മങ്ങി. ഘാനയ്ക്കെതിരെ പെനൽറ്റിയിലൂടെ നേടിയ ഒരു ഗോളാണ് സമ്പാദ്യം. ആ ഗോളിൽ അഞ്ച് ലോകകപ്പുകളിൽ ഗോളടിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കി. ദക്ഷിണകൊറിയക്കെതിരായ മത്സരത്തിൽ പിൻവലിക്കപ്പെട്ടപ്പോൾ അപമാനിതനായതുപോലെ ഈ മുപ്പത്തേഴുകാരന് തോന്നിയിട്ടുണ്ടാകാം. സ്വിറ്റ്സർലൻഡിനോട് ആദ്യ 11ൽ ഇല്ല. 2008നുശേഷം ആദ്യമായിട്ടാണ്. മൊറോക്കോയുമായുള്ള കളിയിൽ 51–-ാംമിനിറ്റിൽ ഇറങ്ങി. രണ്ട് നീക്കങ്ങളുണ്ടായെങ്കിലും ഒരു അത്ഭുതം അവിടെ പിറന്നില്ല. ടീം തോറ്റു. റൊണാൾഡോ മടങ്ങി. ലോകകപ്പ് നോക്കൗട്ടിൽ 570 മിനിറ്റ് കളത്തിലുണ്ടായിട്ടും ലക്ഷ്യംകാണാൻ കഴിഞ്ഞിട്ടില്ല. 21 തവണയാണ് ഷോട്ട് പായിച്ചത്. അതിൽ ഗോൾ കുരുങ്ങിയില്ല.
‘റൊണാൾഡോയെ ബെഞ്ചിലിരുത്തി നിങ്ങൾക്ക് ലോകകപ്പ് നേടാനാകില്ല. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചത് എപ്പോഴും ആവർത്തിക്കില്ല. പുറത്തിരുത്തിയത് തെറ്റാണ്. പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന്റെ ഉത്തരവാദിത്വം ടീം മാനേജ്മെന്റിനും പരിശീലകൻ ഫെർണാണ്ടോ സാന്റോസിനുമാണ്’ –- പോർച്ചുഗൽ മുൻ ക്യാപ്റ്റൻ ലൂയിസ് ഫിഗോ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
മൊറോക്കോയുമായുള്ള മത്സരത്തിന്റെ 97–-ാംമിനിറ്റ്. റാഫേൽ ലിയാവോയുടെ ക്രോസ് ബോക്സിലേക്ക്. പെപെയുടെ കനത്ത ഹെഡർ. അത് പോസ്റ്റിനരികിലൂടെ പുറത്തേക്ക്. ആറുവാര ബോക്സിൽ റൊണാൾഡോ കാൽമുട്ടിൽ വീണു. കൈകൾ തലയിൽവച്ചു. കണ്ണുകൾ നിറഞ്ഞു.
സമയമായെന്ന് ആരോ മന്ത്രിച്ചതുപോലെ. ഫൈനൽ വിസിൽ മുഴങ്ങി. എതിർകളിക്കാരിൽ ചിലർക്ക് കൈകൊടുത്തു. പിന്നെ കളംവിട്ടു. ക്യാമറാമാൻമാത്രമായിരുന്നു പിന്നിൽ. സെക്യൂരിറ്റിക്കാരിൽ ചിലർ സെൽഫിക്കായി നോക്കി. റൊണാൾഡോയുടെ മനസ്സ് അവിടെയുണ്ടായില്ല. ടണലിലേക്ക് കടന്നു. അടക്കിപ്പിടിച്ച വേദന കണ്ണീരായി ഒഴുകി. ആ കണ്ണീർച്ചിത്രത്തിൽ റൊണാൾഡോ ലോകകപ്പിന്റെ വിങ്ങലായി അവശേഷിച്ചു.
ഇനി മറ്റൊരു ലോകമാണ്. സൗദി ലീഗിൽനിന്നും അമേരിക്കൻ ഫുട്ബോൾ ലീഗിൽനിന്നും വൻ വാഗ്ദാനങ്ങൾ വന്നിട്ടുണ്ടെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ല. പോർച്ചുഗലിലെ മുൻ ക്ലബ് സ്പോർട്ടിങ്ങിലേക്ക് തിരിച്ചുപോകാനും സാധ്യതയുണ്ട്.