ദുബായ്
യുഎഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡ കേപ് കനാവറല്‍ സ്പെയ്സ് ഫോഴ്സ് സെന്ററിൽനിന്ന് ഞായർ പകൽ 11.38നായിരുന്നു വിക്ഷേപണം. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്ററാണ് റാഷിദ് റോവർ നിർമിച്ചത്. മിഷന് 1 ഹകുട്ടോ ആര് എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണ് റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക. അഞ്ചുമാസമെടുത്തേക്കും. റോവർ ചന്ദ്ര ഉപരിതലത്തിൽ ഒരു ചാന്ദ്രദിനം (ഭൂമിയിൽ 14.75 ദിവസത്തിന് തുല്യം) ചെലവഴിക്കും.
ചന്ദ്രനിലേക്ക്
കണ്ണുംനട്ട് ജാപ്പനീസ്
സ്റ്റാർട്ടപ്
ചന്ദ്രനിലേക്ക് എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്വകാര്യ കമ്പനിയാകാൻ ലക്ഷ്യമിട്ട് ജപ്പാൻ സ്റ്റാർട്ട് അപ്പ് ആയ ഐസ്പേസ് ഇങ്ക്. ഇവർ വികസിപ്പിച്ച ഹകുട്ടോ ആർ എന്ന ലാൻഡർ ഉപയോഗിച്ചാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കുക. ലാൻഡിങ് വിജയകരമാണെങ്കിൽ, ചന്ദ്രനിൽ നിയന്ത്രിത ലാൻഡിങ് നടത്തുന്ന ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമായി സ്റ്റാർട്ട് അപ്പ് വികസിപ്പിച്ച ഹകുട്ടോ ആര് മാറും. 2023 ഏപ്രിലിലാണ് ദൗത്യം പൂർത്തിയാകുക.