മോസ്കോ
റഷ്യന്‍ അസംസ്കൃത എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലപരിധി മറികടക്കാൻ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യ. എണ്ണ ഇറക്കുമതിക്ക് ആവശ്യമായ സേവനങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ കമ്പനികൾ വിലക്കിയാൽ എണ്ണ ഇറക്കുമതിക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി നൽകാമെന്നും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് ഉറപ്പുനൽകി.
റഷ്യൻ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ച ജി ഏഴ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും തീരുമാനത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ അഞ്ചിനാണ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ അസംസ്കൃത എണ്ണയ്ക്ക് ഒരു ബാരലിന് 60 യുഎസ് ഡോളര്‍ എന്ന വിലപരിധി നിശ്ചയിച്ചത്. ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് റഷ്യന്‍എണ്ണ ബഹിഷ്കരിക്കാൻ യുഎസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കുറഞ്ഞവിലയിൽ ലഭിക്കുന്നതിനാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുകയാണ് ഇന്ത്യ ചെയ്തത്.
2022-ൽ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ റെക്കോഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. എണ്ണയ്ക്ക് വിലപരിധി ഏർപ്പെടുത്തുന്നത് വിപണിവിരുദ്ധ നടപടിയാണ്. ഇത് വിതരണശൃംഖലയെ തടസ്സപ്പെടുത്തും. ആഗോള ഊർജവിപണിയിലെ സ്ഥിതിഗതികൾ സങ്കീർണമാക്കും. യൂറോപ്പിലെ വികസിത രാജ്യങ്ങളിലും ഊർജക്ഷാമം രൂക്ഷമാക്കും.’–-അലക്സാണ്ടർ നൊവാക് പറഞ്ഞു.
2023 ഒക്ടോബർ 11 മുതൽ 13 വരെ മോസ്കോയിൽ നടക്കുന്ന റഷ്യൻ എനർജി വീക്ക് 2023 അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് പെട്രോളിയം പ്രകൃതിവാതകമന്ത്രി ഹർദീപ് സിങ് പുരിയെ നൊവാക് ക്ഷണിച്ചു. എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം, കൽക്കരി, വളം തുടങ്ങിയവയുടെ വ്യാപാരത്തിൽ റഷ്യ–-ഇന്ത്യ സഹകരണം വർധിപ്പിക്കുമെന്നും നൊവാകും പവൻ കപൂറും വ്യക്തമാക്കി.