ന്യൂഡൽഹി
കോർപറേഷൻ ഭരണം നഷ്ടപ്പെട്ടതോടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൽഹി ബിജെപി പ്രസിഡന്റ് അദേശ് ഗുപ്ത രാജിവച്ചു. രാജി അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദ അംഗീകരിച്ചു. ഉപാധ്യക്ഷൻ വിരേന്ദ്ര സച്ചദവയ്ക്കാണ് പകരം ചുമതല. അതേസമയം, കൂടുതൽ നേതാക്കളും വരുംദിവസങ്ങളിൽ തെറിക്കുമെന്നാണ് റിപ്പോർട്ട്. എഎപി 134 സീറ്റ് നേടി കോർപറേഷൻ ഭരണം പിടിച്ചപ്പോൾ ബിജെപി 104 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. 15 വർഷം കൈവശംവച്ച ഭരണമാണ് ബിജെപിക്ക് നഷ്ടമായത്.
തോൽവിയെത്തുടർന്ന് സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ഒരുവിഭാഗം കേന്ദ്രനേതൃത്വത്തോട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പിലും ബിജെപി വൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. കേന്ദ്രമന്ത്രികൂടിയായി ബിജെപി എംപി മീനാക്ഷി ലേഖിയുടെ ന്യൂഡൽഹി മണ്ഡലത്തിൽ ഉൾപ്പെടുന്ന 25 വാർഡിൽ 19 എണ്ണവും എഎപി നേടിയത് എതിർപക്ഷത്തിന് ആയുധമായിട്ടുണ്ട്. പർവേഷ് വർമയുടെ ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ 38 വാർഡിൽ 25 എണ്ണവും എഎപി നേടി. ബിജെപിയുടെ തീവ്രഹിന്ദുമുഖമായ മനോജ് തിവാരിയുടെ 41ൽ 21 വാർഡിലും ബിജെപി ജയിച്ചെങ്കിലും 15 സീറ്റ് നേടി എഎപി രണ്ടാമത് എത്തിയത് പാർടിയിൽ മുറുമുറുപ്പ് സൃഷ്ടിച്ചുതുടങ്ങി.