തൃക്കാക്കര
ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ ദമ്പതികൾ എബിൻ വർഗീസിന്റെയും ശ്രീരഞ്ജിനിയുടെയും ഇ–-മെയിൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. ഇരുവരും നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിവരം ശേഖരിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കും. കമ്പനിയുടെ വെബ്സൈറ്റ് വിവരങ്ങളും ശേഖരിച്ചുവരികയാണ്.
എബിനും ശ്രീരഞ്ജിനിയും കഴിഞ്ഞ 29ന് ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ദുബായിൽനിന്ന് മറ്റു രാജ്യത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്. വിവിധ രാജ്യങ്ങൾ ചുറ്റിക്കറങ്ങി ആഡംബരജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും 30 കോടിയിൽപ്പരം രൂപ തട്ടിയെടുത്തതായാണ് വിവരം. വെള്ളിയാഴ്ചവരെ ഇവർക്കെതിരെ 37 പരാതി വിവിധ ജില്ലകളിൽനിന്ന് തൃക്കാക്കര പൊലീസിന് ലഭിച്ചു.
വാഴക്കാല സ്വദേശിയായ എബിൻ, ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഓഹരിവിപണിയിൽ ഇയാൾ അടുത്തിടെ എന്തെങ്കിലും നിക്ഷേപം നടത്തിയതിന് തെളിവ് ലഭിച്ചിട്ടില്ല. നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം ഉപയോഗിച്ച് എറണാകുളം ജില്ലയിൽ സൂപ്പർ മാർക്കറ്റുകളും ആഡംബര ഫ്ലാറ്റും വാങ്ങിയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.