തൃശൂർ
കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ കൊടിമരം, പതാക, ദീപശിഖാ ജാഥകൾ തിങ്കളാഴ്ച തൃശൂരിൽ സംഗമിക്കും. വൈകിട്ട് നാലിന് തൃശൂർ ശക്തൻ നഗറിൽ സംഗമിക്കുന്ന ജാഥകൾ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനവേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലേക്ക് നീങ്ങും. തുടർന്ന് ദീപശിഖ തെളിയിച്ച് പതാക ഉയർത്തും.
പി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ തെലങ്കാനയിൽനിന്നും ഡോ. വിജൂകൃഷ്ണന്റെ നേതൃത്വത്തിൽ കീഴ്വെൺമണിയിൽനിന്നും പ്രയാണം ആരംഭിച്ച ദീപശിഖാ റിലേ തിങ്കൾ രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ വാണിയമ്പാറയിലെത്തും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു മാനേജരുമായ പതാക ജാഥ പുന്നപ്ര വയലാറിൽനിന്നാണ് ആരംഭിച്ചത്. ജാഥ തിങ്കൾ രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ പൊങ്ങത്തെത്തും.
കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി വി എം ഷൗക്കത്ത് മാനേജരുമായ കൊടിമര ജാഥ രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ കടവല്ലൂരിലേക്ക് പ്രവേശിക്കും. കയ്യൂർ സ്മൃതിമണ്ഡപത്തിൽനിന്നാണ് ജാഥാപ്രയാണം തുടങ്ങിയത്. മൂന്നു ജാഥകളേയും ജില്ലാ അതിർത്തികളിൽ സ്വീകരിക്കും. അത്ലറ്റുകളും ഇരുചക്ര വാഹനങ്ങളും അകമ്പടിയാവും.
13ന് കെ വരദരാജൻ നഗറിൽ (പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം ആരംഭിക്കും. കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹനൻമൊള്ള ഉദ്ഘാടനം ചെയ്യും. വിദേശ സൗഹാർദ പ്രതിനിധികളടക്കം 801 പേർ പങ്കെടുക്കും. 16ന് വൈകിട്ട് ലക്ഷങ്ങൾ അണിനിരക്കുന്ന റാലി നടക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (വിദ്യാർഥി കോർണർ) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.