തിരുവനന്തപുരം
ഏക സിവിൽകോഡ് വിഷയത്തിൽ പാർലമെന്റിൽ കോൺഗ്രസ് കാണിച്ച അനാസ്ഥയിൽ പരസ്യമായി പ്രതികരിച്ച മുസ്ലിംലീഗ് എംപി അബ്ദുൾ വഹാബിന്റെ നിലപാടിൽ യുഡിഎഫിൽ ഭിന്നത രൂക്ഷം. കേന്ദ്ര വർഗീയതയോടും ഗവർണറുടെ കാവിവൽക്കരണത്തോടും കോൺഗ്രസ് പൊതുവിൽ സ്വീകരിച്ച നിലപാട് ലീഗിനെ മാത്രമല്ല, കാലങ്ങളായി യുഡിഎഫിനൊപ്പം നിൽക്കുന്നവരെയും ആശങ്കയിലാക്കി. മറുഭാഗത്ത് കെപിസിസി പ്രസിഡന്റ്തന്നെ ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്നതിലുള്ള അമർഷവും പുകയുന്നു.
സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഇടപെടൽ ആരിഫ് മൊഹമ്മദ് ഖാൻ ശക്തമാക്കിയതോടെയാണ് സർക്കാർ ചാൻസലറെ മാറ്റുന്ന ബില്ലുമായി മുന്നോട്ടുവന്നത്. ഇക്കാര്യത്തിൽ ലീഗും ആർഎസ്പിയും സർക്കാർ നിലപാടിനെ ശരിവച്ചു.
എന്നിട്ടും, ആദ്യംമുതൽ അതിനെ കണ്ണടച്ച് എതിർക്കുകയായിരുന്നു പ്രതിപക്ഷ നേതാവും കൂട്ടരും. ഒടുവിൽ ഗത്യന്തരമില്ലാതെ, ഗവർണറെ നീക്കുന്നതിനോട് എതിർപ്പില്ലെന്ന് പറയേണ്ടിവന്നിട്ടും ഉറച്ച നിലപാടിലേക്ക് എത്തിയില്ല. ലീഗിന്റെ സമ്മർദത്തിന് വഴങ്ങുന്നതിനോടുള്ള വിയോജിപ്പ് കെ സുധാകരനും പ്രകടമാക്കി. ചാൻസലറാകുന്നവരുടെ യോഗ്യതയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന യുക്തിരഹിതമായ തൊടുന്യായത്തിൽ ബില്ലിനെ നിയമസഭയിൽ എതിർക്കുമെന്നാണ് വി ഡി സതീശന്റെ വാദം.
കോൺഗ്രസ് നിലപാടിലെ ഈ ചാഞ്ചാട്ടമാണ് യുഡിഎഫിലെ യഥാർഥ പ്രശ്നമെന്ന വസ്തുതയിലേക്ക് മാധ്യമങ്ങളും കടക്കുന്നില്ല. ഏക സിവിൽകോഡിനെ ന്യായീകരിച്ച് വീണ്ടും രംഗത്തുവന്ന ഗവർണറെ നീക്കുന്ന ബില്ലിൽ കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വഹാബിന്റേതിന് സമാനമായ പ്രതികരണം ലീഗ് ആവർത്തിച്ചേക്കാം. ബില്ലിനെ രാജ്യസഭയിൽ എതിർക്കാൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ് അംഗങ്ങളാരും ഉണ്ടായിരുന്നില്ലെന്ന് ജെബി മേത്തറിന്റെ പ്രതികരണം തെളിയിക്കുന്നു.
നിർണായക രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫിലുണ്ടായിട്ടുള്ള ഭിന്നത ചൂണ്ടിക്കാട്ടുകയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചെയ്തത്. യുഡിഎഫിന്റെ തകർച്ച ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിൽ കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്ന സതീശന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടി അവരുടെ നിലപാട് വ്യക്തമാക്കിയത്. ഏക സിവിൽകോഡിനെ നിസ്സാരമായി കാണാനാകില്ലെന്ന് ആവർത്തിച്ച കുഞ്ഞാലിക്കുട്ടി സതീശന്റെ നിലപാടിനെ സാധൂകരിച്ചില്ല. ലീഗിനെ കൈവിടുന്നതോടെ യുഡിഎഫ് അപ്രസക്തമാകുമെന്ന കെ മുരളീധരന്റെ പ്രസ്താവനയും ഇതോടൊപ്പംചേർത്ത് വായിക്കണം.