കോഴിക്കോട്
സമകാലിക വിഷയങ്ങളിൽ മുസ്ലിംലീഗ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തോടെയാണ് ലീഗ് വിഷയങ്ങൾ കൈകാര്യംചെയ്തത്. യുഡിഎഫ് രാഷ്ട്രീയ മുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും ഭിന്ന നിലപാട് സ്വീകരിക്കാൻ ലീഗിനായി. കോൺഗ്രസിനെ ശരിയായ നിലപാടിലേക്ക് നയിക്കാനും അവർക്ക് കഴിഞ്ഞു. ഇതിനെയാണ് സ്വാഗതം ചെയ്യുന്നത്. അതിനെ മുന്നണി രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം തലക്കുപിടിച്ച കോൺഗ്രസ്, ആർഎസ്എസിനെ അനുകൂലിക്കാൻ തയ്യാറായി.
കേരളത്തിൽ കമ്യൂണിസ്റ്റുകാരാണ് മുഖ്യശത്രു എന്നാണ് അവർ പറയുന്നത്. സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ആർഎസ്എസ് അജൻഡയുമായി ഗവർണർ രംഗത്തുവന്നപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഗവർണർക്കെതിരായ ബില്ലിൽ ഒപ്പിടില്ല എന്ന് പ്രതിപക്ഷ നേതാവുതന്നെ പറഞ്ഞു. എന്നാൽ, നിയമസഭയിൽ അതിൽനിന്ന് വ്യത്യസ്തമായ സമീപനം അവർക്ക് സ്വീകരിക്കേണ്ടിവന്നു. ബില്ലിനെ പിന്തുണക്കേണ്ടിവന്നു. ലീഗും ആർഎസ്പിയും സ്വീകരിച്ച നിലപാടാണ് അതിലേക്ക് നയിച്ചത്.
വിഴിഞ്ഞം സമരത്തിൽ വർഗീയ പരാമർശമുയർന്നപ്പോൾ ലീഗ് അതിനെ എതിർത്തു. എന്നാൽ, കലാപ സമാനമായ അന്തരീക്ഷമുണ്ടായപ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഏക സിവിൽകോഡ് വിഷയത്തിലും ഇത് പ്രകടമായി. മുസ്ലിംലീഗിൽനിന്ന് വിമർശനമുയർന്നപ്പോഴാണ് കോൺഗ്രസ് അതിനെതിരെ ശബ്ദിച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കൃത്യമായ രാഷ്ട്രീയ നയം മുന്നോട്ടുവച്ചാണ് പ്രവർത്തിക്കുന്നത്. വലതുപക്ഷ നയസമീപനം ഉപേക്ഷിച്ചുവരുന്ന ആരെയും സ്വീകരിക്കാൻ തയ്യാറാണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. എൽഡിഎഫ് ഒരു രാഷ്ട്രീയ മുന്നണിയാണ്. അത് കേവലം പ്രസ്താവനയിൽ രൂപപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.