ദോഹ> 1962ലാണ്, ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മോശം മത്സരമായി വിശേഷിപ്പിക്കുന്ന ‘സാന്റിയാഗോയിലെ യുദ്ധം’ അരങ്ങേറിയത്. ഇറ്റലിയും ചിലിയും നേർക്കുനേർ. രാഷ്ട്രീയകാരണങ്ങളാൽ ആദ്യംതന്നെ ഇരുടീമുകളും തമ്മിൽ വാക്പോര് മുറുകിയിരുന്നു. ആതിഥേയരായ ചിലിയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ ആരോപിച്ചതോടെയായിരുന്നു വൈര്യം തുടങ്ങിയത്.
ജൂൺ രണ്ടിന് ഗ്രൂപ്പിൽ ചിലിയും ഇറ്റലിയും മുഖാമുഖം എത്തിയതോടെ കളിക്കളം കലാപഭൂമിയായി മാറി. നാലുതവണ പൊലീസ് ഇടപെട്ടു. രണ്ട് ഇറ്റാലിയൻ താരങ്ങളെ പുറത്താക്കി. കളത്തിൽനിന്ന് പിൻവാങ്ങാൻ വിസമ്മതിച്ച ഇറ്റാലിയൻ മധ്യനിരക്കാരൻ ജോർജിയോ ഫെറിനിയെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോയി. കാണികൾ കുപ്പിയും മറ്റും കളത്തിലേക്ക് വലിച്ചെറിഞ്ഞു. കളി 2–-0ന് ചിലി ജയിച്ചു. ‘ഫുട്ബോൾ ഇത്രയും അപമാനിക്കപ്പെട്ട മത്സരം ചരിത്രത്തിലുണ്ടായിട്ടില്ല’ എന്നാണ് സാന്റിയാഗോയിലെ യുദ്ധത്തെ അടയാളപ്പെടുത്തുന്നത്.
കഥ ഇവിടെ തീരുന്നില്ല. ഈ മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് റഫറി കെൻ ആസ്റ്റണാണ് എട്ടുവർഷങ്ങൾക്കുശേഷം ലോകകപ്പിൽ ആദ്യമായി മഞ്ഞക്കാർഡും ചുവപ്പുകാർഡും ആവിഷ്കരിച്ചത്. ഫിഫയുടെ റഫറിയിങ് പാനലിന്റെ തലവനായിരുന്നു ആസ്റ്റൺ. അതുവരെ ഫുട്ബോളിൽ അങ്ങനെയൊരു രീതിയുണ്ടായിരുന്നില്ല. കടുത്ത ഫൗൾ ചെയ്യുന്നവരെ റഫറിമാർ നേരിട്ട് പുറത്താക്കും എന്നതായിരുന്നു സമ്പ്രദായം. എന്നാൽ, ആസ്റ്റണിന്റെ മഞ്ഞ, ചുവപ്പ് കാർഡ് ആശയം കളിയെ മാറ്റിമറിച്ചു. കളത്തിൽ അച്ചടക്കവും താളവും കൈവന്നു. 1970 ലോകകപ്പിലായിരുന്നു തുടക്കം.
സാന്റിയാഗോയിലെ യുദ്ധത്തിന് അടുത്തെത്തുന്ന മത്സരം പിന്നീടുണ്ടായിട്ടില്ല.
എന്നാൽ, കൈയാങ്കളിയും കളത്തിലെ ചൂടൻ പെരുമാറ്റവും തുടർന്നു. ചൂട് കൂടുന്നതിനനുസരിച്ച് റഫറിമാർ കാർഡ് വീശുന്നതും കൂടി. അർജന്റീന–-നെതർലൻഡ്സ് ക്വാർട്ടറിൽ ഒരു ചുവപ്പുകാർഡും 17 മഞ്ഞക്കാർഡുമാണ് പിറന്നത്. സ്പാനിഷ് റഫറി അന്റോണിയോ ലാഹോസാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ കളി നിയന്ത്രിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം കാർഡ് കണ്ട മത്സരമായി ഇത് മാറി. 2006ൽ പോർച്ചുഗൽ–-നെതർലൻഡ്സ് പോരിൽ ആകെ 16 കാർഡുകൾ വീശിയിരുന്നു. 2010ൽ സ്പെയ്ൻ–-നെതർലൻഡ്സ് ഫൈനലിൽ 14 കാർഡ്.
അർജന്റീനയ്ക്കെതിരെ ഡച്ചിന്റെ ഡെൻസൽ ഡംഫ്രിസാണ് ചുവപ്പുകാർഡ് കണ്ടത്. മഞ്ഞക്കാർഡുകളിൽ എട്ടുവീതം ഇരുടീമിലെ കളിക്കാർക്കും. അർജന്റീന പരിശീലകനും സഹപരിശീലകനും കിട്ടി മഞ്ഞക്കാർഡ്.