എന്തൊരു രാത്രിയായിരുന്നു! അതൊരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് ആശിക്കാത്തവരുണ്ടോ? മായാത്ത രാത്രിയിൽ ചിരിയുണ്ടായിരുന്നു, കണ്ണീരുണ്ടായിരുന്നു. സംഘർഷവും പോർവിളിയും തിരിച്ചടിയുമുണ്ടായിരുന്നു. വിജയത്തിന്റെ സന്തോഷം. തോൽവിയുടെ സങ്കടം. അതിനിടെ വെല്ലുവിളിയും പരിഹാസവും തിരിച്ചുവരവും. പിരിമുറുക്കം കൂട്ടുന്ന അനശ്ചിതത്വവും കയ്യാങ്കളിയും. അങ്ങനെയെല്ലാമെല്ലാം ചേർന്ന് ജീവിതംപോലെ രണ്ട് ഫുട്ബോൾ കളികൾ. ഒരുവേള ശ്വാസം നിലച്ചുപോയേക്കുമെന്നുവരെ തോന്നിച്ച നിമിഷങ്ങൾ. ഫുട്ബോൾ എന്തുകൊണ്ടാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട കളിയായതെന്ന ചോദ്യത്തിന് ഉത്തരം ഇവിടെയുണ്ട്.
രണ്ട് സ്റ്റേഡിയങ്ങളാണ് എല്ലാ വൈകാരിക നിമിഷങ്ങൾക്കും വേദിയായത്. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ബ്രസീൽ–-ക്രൊയേഷ്യ മത്സരം കാണാൻ തടിച്ചുകൂടിയത് 43,898 കാണികൾ. ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്ലിലായിരുന്നു അർജന്റീന–-നെതർലൻഡ്സ് മത്സരം. 88,235 പേരാണ് അവിടെ നിറഞ്ഞത്. രണ്ട് സ്റ്റേഡിയങ്ങൾ രണ്ട് വികാരത്തിനാണ് സാക്ഷിയായത്. ഒരിടത്ത് തോറ്റുപോയവന്റെ സങ്കടം. മറുഭാഗത്ത് ജയിച്ചവന്റെ ഉന്മാദം.
സൂപ്പർതാരത്തിന്റെ പകിട്ടുവിട്ട് ഓരോ കളിക്കാരനും സാധാരണ മനുഷ്യനായ നിമിഷം. തോൽവിക്കുശേഷം പൊട്ടിക്കരഞ്ഞ നെയ്മർ ലോകത്തിന്റെയാകെ കണ്ണീരായി. കളിക്കുശേഷം മാധ്യമങ്ങൾക്കുമുന്നിലെത്തിയ നെയ്മർ തകർന്ന ഒരു മനുഷ്യനായിരുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യനെപ്പോലെ നെയ്മർ പുലമ്പിക്കൊണ്ടേയിരുന്നു, ‘ഞങ്ങൾ തോറ്റു, ഞങ്ങൾ തോറ്റു’. പൊട്ടിക്കരഞ്ഞ നെയ്മറെ ആശ്വസിപ്പിക്കാനാകാതെ മാധ്യമപ്രവർത്തകർ പകച്ചുപോയ നിമിഷം. കളിയിലെ ഒരു തോൽവി ഒരു മനുഷ്യനെ ഇതുപോലെ ഇല്ലാതാക്കുമോ?
ലുസെയ്ലിൽ ചിത്രം മറ്റൊന്നായിരുന്നു. സ്റ്റേഡിയത്തിൽ 90 ശതമാനവും അർജന്റീന ആരാധകർ. ആരവം ഒരിക്കലും അവസാനിച്ചില്ല. ആഘോഷം പുലരുംവരെ നീണ്ടു. കളത്തിലും പുറത്തും ലയണൽ മെസിയുടെ വേറൊരു മുഖമായിരുന്നു. ഓരോനിമിഷവും വൈകാരികമായി ഇടപെട്ടുകൊണ്ടേയിരുന്നു.
കളിക്കാരോടും റഫറിയോടും തർക്കിക്കുന്ന മെസിയെ സാധാരണ കാണാറില്ല. ഗോളടിച്ചശേഷം ഡച്ച് കോച്ച് വാൻഗാലിന്റെ മുമ്പിലെ ആഘോഷവും പതിവില്ലാത്തതായിരുന്നു. മാധ്യമപ്രവർത്തകർക്കുമുന്നിലും മെസി ശാന്തനായിരുന്നില്ല. കളിയുടെ എല്ലാ ചൂടും ആവേശവും മെസിയും പരസ്യമായി പ്രകടിപ്പിച്ചു. തീർച്ചയായും മെസിയും നെയ്മറും യന്ത്രങ്ങളല്ലല്ലോ, അവരും നമ്മളെപ്പോലെ മനുഷ്യരല്ലേ.