ആ കളിയിൽ സൗന്ദര്യം മാത്രമായിരുന്നില്ല. കോപവും കലഹവും വെറുപ്പുമെല്ലാം നിറഞ്ഞിരുന്നു. കളിക്കുശേഷം സ്നേഹപൂർവമുള്ള ഹസ്തദാനങ്ങളല്ല, അടങ്ങാത്ത കലിയുടെ അടയാളങ്ങളായിരുന്നു തെളിഞ്ഞത്. ലയണൽ മെസി, അർജന്റീനയുടെ ആനന്ദത്തിലും അമർഷത്തിലുമെല്ലാം പേരുചേർത്തിരുന്നു. അത്രയേറെ തീവ്രമായ കളിയിൽ, കീഴടങ്ങിപ്പോകാൻ മനസ്സില്ലാത്ത ഒരു മനുഷ്യനായി മെസി മാറി. ആ ടീമിലെ ഓരോ കളിക്കാരനിലും ഒരു മെസിയുണ്ടായിരുന്നു. അല്ലെങ്കിൽ മെസിയിലടങ്ങിയിരുന്നു ഓരോ കളിക്കാരനും.
പതിനേഴ് മഞ്ഞക്കാർഡുകളും ഒരു ചുവപ്പുകാർഡും പിറന്ന കളിയിൽ, ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ പോരിൽ ഷൂട്ടൗട്ടിലൂടെ 4–-2നാണ് അർജന്റീന ജയിച്ചത്. ഷൂട്ടൗട്ടിന്റെ വേദിയിൽ ബ്രസീൽ വിളറിപ്പോയ രാത്രിയിൽത്തന്നെയായിരുന്നു നെതർലൻഡ്സിന്റെ വീര്യത്തെ മറികടന്ന് അർജന്റീന സെമിയിലേക്ക് കടന്നത്. മെസിക്കൊപ്പം എമിലിയാനോ മാർട്ടിനെസ് എന്ന ഗോൾകീപ്പർക്കും അർജന്റീന കടപ്പെട്ടിരിക്കുന്നു.
കളിയുടെ ആദ്യ നിമിഷങ്ങൾ. അസാധ്യമെന്ന് തോന്നിപ്പിച്ച ഒരു നീക്കത്തിലൂടെ നഹുവേൽ മൊളീനയുടെ ഗോളിലേക്ക് വഴിതുറന്ന മെസി, കളിയുടെ മധ്യഘട്ടത്തിൽ ആത്മവിശ്വാസം നിറഞ്ഞ പെനൽറ്റിയിലൂടെ അർജന്റീനയുടെ ആഘോഷങ്ങൾക്ക് തിരികൊളുത്തി.
വൂട്ട് വെഗോസ്റ്റ് എന്ന ലൂയിസ് വാൻ ഗാലിന്റെ ശിഷ്യൻ പകരക്കാരനായി വന്ന് ഇരട്ടഗോളിൽ ഡച്ചിനെ ഒപ്പമെത്തിക്കുംവരെ മെസിയിൽ പുഞ്ചിരി തെളിഞ്ഞുനിന്നു. 90 മിനിറ്റ് കഴിഞ്ഞ് 10 മിനിറ്റ് പരിക്കുസമയം അനുവദിക്കുമ്പോഴും അപകടമൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം അർജന്റീനയിൽ കണ്ടു. എന്നാൽ, പരിക്കുസമയം തീരാൻ 10 സെക്കൻഡുമാത്രം ശേഷിക്കെ ജെർമൻ പസെല്ലയെന്ന പകരക്കാരൻ പ്രതിരോധതാരം അനാവശ്യമായി ഡച്ച് കളിക്കാരുടെ മുകളിലേക്ക് വീണ്, അപകടകരമായ സ്ഥലത്തുവച്ച് ഡച്ചിന് ഫ്രീകിക്ക് സമ്മാനിക്കുകയായിരുന്നു. മെസിയുടെ വിളറിയ മുഖം അവിടെ കണ്ടു. പ്രതിരോധഭിത്തിക്ക് അടിയിലൂടെ പന്ത് പരന്നിറങ്ങുമ്പോൾ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ കണക്കുകൂട്ടലുകൾ സർവതും തെറ്റിച്ച് വെഗോസ്റ്റ് അതിൽ കാൽതൊട്ടു. തിരിച്ചുവരവിന്റെ ആഘോഷത്തിൽ ഡച്ചുകാർ ചിരിച്ചപ്പോൾ മെസിയുടെ മുഖം മങ്ങി.
അധികസമയക്കളിയിൽ കാര്യങ്ങൾ കൈവിട്ടു. ഫൗളുകൾ നിറഞ്ഞു. മെസി റഫറിയോട് കയർത്തു. മഞ്ഞക്കാർഡ് വഴങ്ങി. കളിക്കാർ തമ്മിൽ ഏറ്റുമുട്ടി. ലിയാൻഡ്രോ പരദേസ് പന്ത് ഡച്ച് ബെഞ്ചിലേക്ക് അടിച്ചുവിട്ടപ്പോൾ ആൾക്കൂട്ടമായി അവർ കളത്തിലെത്തി. റഫറി ശാന്തമാക്കി. എയ്ഞ്ചൽ ഡി മരിയ അവസാനഘട്ടത്തിൽ അർജന്റീനയ്ക്ക് ഉണർവുനൽകി. ലൗതാരോ മാർട്ടിനെസിന്റെ ഷോട്ട് വിർജിൽ വാൻ ഡിക്ക് ദേഹംകൊണ്ട് തടുത്തു. എൺസോ ഫെർണാണ്ടസിന്റെ കരുത്തുറ്റ അടി പോസ്റ്റിൽ തട്ടിത്തെറിച്ചു. കണ്ണുകൾ എല്ലാം അപ്പോഴും മെസിയിലേക്ക് തന്നെയായിരുന്നു.
ഷൂട്ടൗട്ടിൽ ഡച്ച് നായകൻ വാൻ ഡിക്കിന്റെ കിക്ക് അസാമാന്യ മെയ്വഴക്കത്തോടെ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി. അർജന്റീനയുടെ ആദ്യ കിക്ക്, ഡച്ച് ഗോൾകീപ്പർ നോപ്പെറിനെ കാഴ്ചക്കാരനാക്കി മെസി വലയിലിട്ടു. പിന്നെ വാൻ ഗാൽ ഉൾപ്പെടെയുള്ള ഡച്ച് പരിശീലകസംഘത്തിനുനേരെ ആംഗ്യം കാട്ടി. കളി കഴിഞ്ഞപ്പോഴും അതീവ ദേഷ്യത്താൽ അവർക്കുനേരെ മെസി കൈചൂണ്ടി.
ഷൂട്ടൗട്ടിൽ സ്റ്റീവൻ ബെർഗുയിസിന്റെ കിക്കുകൂടി തടുത്തിട്ടാണ് മാർട്ടിനെസ് അർജന്റീനയെ ഉയർത്തിയത്. നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ച ലൗതാരോ മാർട്ടിനെസിനെ പുണരാൻ കൂട്ടുകാർ ഒന്നടങ്കം ഓടിയപ്പോൾ കളത്തിൽ കമിഴ്ന്നുകിടക്കുകയായിരുന്നു എമിലിയാനോ മാർട്ടിനെസിന് അടുത്തേക്കായിരുന്നു മെസി എത്തിയത്. മാർട്ടിനെസിനെ ഹൃദയത്തോടുചേർത്ത കാഴ്ചയിൽ ആ കളിയുടെ വൈകാരികത എന്തെന്ന് മെസി കാണിച്ചുതന്നു. 1986ൽ മാറഡോണയ്ക്ക് സാധ്യമായതുപോലെ 2022ൽ മെസിക്കും സാധ്യമാകുമോ എന്നതാണ് ഇനി കാണാനുള്ളത്. ഈ ലോകകപ്പിൽ നാല് ഗോളായി മുപ്പത്തഞ്ചുകാരന്. പതറാതെ പൊരുതുന്ന ക്രൊയേഷ്യയാണ് സെമിയിലെ എതിരാളി.