ചെന്നൈ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തീരംതൊട്ട തമിഴ്നാട്ടിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ കണ്ണൂർ സ്വദേശിയടക്കംഅഞ്ചുപേർ മരിച്ചു .ചൊക്ലി മത്തിപ്പറമ്പ് സ്വദേശി നവാസ്(42) ആണ് മരിച്ച മലയാളി. 65 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ 150ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകർന്നു.
മരങ്ങള്‍ വ്യാപകമായി കടപുഴകി. കടലോരമേഖലയിലെ വീടുകളിൽ വെള്ളം കയറി. ഇരുനൂറോളം വീടുകള്‍ തകര്‍ന്നു. ചെന്നൈയിലടക്കം ഗതാഗതവും വൈദ്യുതിയും മുടങ്ങി. ഇരുനൂറോളം ദുരിതാശ്വാസകേന്ദ്രങ്ങളിലായി പതിനായിരത്തോളം പേര് അഭയംതേടി. വെള്ളിയാഴ്ച രാത്രി തമിഴ്നാട് മഹാബലിപുരത്താണ് മാൻദൗസ് കരതൊട്ടത്. വടക്കുപടിഞ്ഞാറൻ ദിശയിലായിരുന്നു കാറ്റിന്റെ സഞ്ചാരം. ശനി വൈകിട്ടോടെ ശക്തികുറഞ്ഞ് ന്യൂനമർദമായി. മുന്നറിയിപ്പ് കണക്കിലെടുത്ത് തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്, കടലൂര്‍, വിഴുപ്പുറം, റാണിപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി.
കേരളത്തില്‍ ഞായറും തിങ്കളും ചിലയിടത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റും ഉണ്ടായി. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ്. കടലിൽ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ തീരദേശ സേനയുടെ 11 സംഘങ്ങള്‍ സദാജാഗ്രതയില്. കാറ്റിന്റെ വേഗം കൂടിയതിനാൽ ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച ഉച്ചമുതൽ രാത്രിവരെ സർവീസ് നടത്തേണ്ട 25 വിമാനം റദ്ദാക്കി.