കൊച്ചി
മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വരുംദിവസങ്ങളിലെ തിരക്കുകൂടി പരിഗണിച്ചുള്ള നിർദേശങ്ങളും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നോട്ടുവച്ചു. എഴുപത്തയ്യായിരത്തിലധികം തീർഥാടകർ എത്തുന്ന ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണം. തിരക്ക് കൂടുതലുള്ള ദിവസം വെർച്വൽ ക്യൂ വഴി ദേവസ്വം ബോർഡിന് അറിയാൻ സാധിക്കും. അതനുസരിച്ച് അഷ്ടാഭിഷേകം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ ഉച്ചഭാഷിണിവഴി അറിയിക്കണം.
തീർഥാടകരുടെ എണ്ണം പരിഗണിച്ച് പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ തിരക്ക് കുറയ്ക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. പമ്പ–നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പാക്കണം. പത്തനംതിട്ട കലക്ടർ ഇക്കാര്യം ശ്രദ്ധിക്കണം. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ തീർഥാടകർക്ക് ഭക്ഷണം ഉറപ്പാക്കാൻ അന്നദാന ചുമതലയുള്ളവരോട് ദേവസ്വം ബെഞ്ച് നിർദേശിച്ചു.
അഷ്ടാഭിഷേകത്തിനുള്ള ദിവസേനബുക്കിങ് പതിനഞ്ചായി നിജപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.