കോട്ടയം
മലയാള സാഹിത്യത്തെ വിശ്വമാനവികതയിലേക്ക് ഉയർത്തുന്ന പ്രിയപ്പെട്ട എഴുത്തുകാർക്ക് ദേശാഭിമാനിയുടെ സാഹിത്യപുരസ്കാരം സമർപ്പിച്ചു. കവി കെ സച്ചിദാനന്ദൻ, കഥാകൃത്ത് അശോകൻ ചരുവിൽ, നോവലിസ്റ്റ് എസ് ഹരീഷ് എന്നിവരെയാണ് പുരസ്കാരം നൽകി ആദരിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം കോട്ടയത്ത് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ വേദിയിൽ മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. 2019ലെ സാഹിത്യപുരസ്കാരമാണ് കവിതയ്ക്ക് കെ സച്ചിദാനന്ദനും (പക്ഷികൾ എന്റെ പിറകെ വരുന്നു), നോവലിന് എസ് ഹരീഷിനും(മീശ), കഥയ്ക്ക് അശോകൻ ചരുവിലിനും (അശോകൻ ചരുവിലിന്റെ കഥകൾ) സമ്മാനിച്ചത്.
ചടങ്ങിൽ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ അധ്യക്ഷനായി. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. അവാർഡ് ജേതാക്കൾ നന്ദി പറഞ്ഞു. ദേശാഭിമാനി വാരിക എഡിറ്റർ കെ പി മോഹനൻ സംസാരിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, സിപിഐ എം ജില്ലാസെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കവി ഒ പി സുരേഷ് എന്നിവർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റജി സഖറിയ സ്വാഗതവും ദേശാഭിമാനി ന്യൂസ് എഡിറ്റർ എം ഒ വർഗീസ് നന്ദിയും പറഞ്ഞു.