കൊച്ചി
വിഴിഞ്ഞം തുറമുഖം സാധ്യമായാൽ കേരളം ഉൽപ്പാദനവ്യവസായ ഹബ്ബായി മാറുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തുറമുഖത്തിനൊപ്പം അനുബന്ധ വികസനംകൂടി അതിവേഗം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിലിന്റെ പ്രഥമ മെയ്ഡ് ഇൻ കേരള അവാർഡുദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഴിഞ്ഞംമുതൽ പാരിപ്പള്ളിവരെ പുതിയ വികസന സോൺ സാധ്യമാകുന്നതോടെ 60,000 കോടിയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്ക് പുറത്തുനിന്നെത്തുന്ന പല ഉൽപ്പന്നങ്ങളും ഇവിടെ ഉണ്ടാക്കാനാകും. മൂല്യവർധിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ പുതിയ ട്രോളിങ് നയം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് സംബന്ധിച്ച് വാണിജ്യ, വ്യവസായ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
ജസ്റ്റിസ് എൻ നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ, കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് അസ്വാനി, കേരള മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു.