കൊച്ചി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഡയറക്ടർബോർഡ് മീറ്റിങ്ങിന്റെ മിനുട്സ് നൽകണമെന്ന സംസ്ഥാന വിവരാവകാശ കമീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിയാൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സമിത് റാവലിന്റെ ഉത്തരവ്.
ബോർഡ് മീറ്റിങ്ങിന്റെ മിനുട്സ് ആവശ്യപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിന് സ്ഥലം വിട്ടുനൽകിയവർ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷ സിയാൽ നിരസിച്ചു. തുടർന്ന് പരാതിക്കാർ സംസ്ഥാന വിവരാവകാശ കമീഷനെ സമീപിച്ചു. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരങ്ങൾ കൈമാറണമെന്നും കമീഷൻ ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിയാൽ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി, സിയാല്‍ പബ്ലിക് അതോറിറ്റിയാണെന്ന് വ്യക്തമാക്കി.
കമ്പനിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണെന്നതും ഡയറക്ടർബോർഡിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കമുള്ളവരുണ്ടെന്നതും എംഡി ഐഎഎസ് ഓഫീസറാണെന്നതും പരിഗണിച്ചാണ് ഹർജി തള്ളിയത്. ബോർഡ് മീറ്റിങ്ങിന്റെ മിനുട്സ് അംഗീകരിച്ചശേഷം രജിസ്ട്രാർക്ക് നൽകിയതിനാൽ അത് പൊതുരേഖയാണെന്നും കോടതി വിലയിരുത്തി.
സിയാലിന്റെ ഓഹരിക്കൈമാറ്റത്തിന്റെ വിവരം ആവശ്യപ്പെട്ട് ഓഹരി ഉടമ നൽകിയ അപേക്ഷ നിരസിച്ച വിവരാവകാശ കമീഷന്റെ ഉത്തരവ് മറ്റൊരു ഹർജിയിൽ ഹൈക്കോടതി റദ്ദാക്കി. കോലഞ്ചേരി സ്വദേശി ജോൺ ജോർജ് നൽകിയ ഹർജിയിൽ ഓഹരിക്കൈമാറ്റത്തിന്റെ വിവരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.