ദോഹ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത് മൊറോക്കോ ഗർജിച്ചു, ആഫ്രിക്കയും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ആഫ്രിക്കൻ രാജ്യം സെമിയിൽ കടന്നു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മൊറോക്കോയിലൂടെ ആഫ്രിക്ക ആ സ്വപ്നം പൂർത്തിയാക്കി. യൂസഫ് എൻ നെസ്റിയുടെ അതിമനോഹര ഗോളിലായിരുന്നു വാലിദ് റെഗ്രാഗുയ് പരിശീലിപ്പിക്കുന്ന മൊററോക്കോയുടെ ജയം.
റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും പെപെയും തുടങ്ങിയ വമ്പൻ താരനിര ഉൾപ്പെട്ട മുൻ യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ സംഘടിതമായ പ്രതിരോധംകൊണ്ടാണ് മൊറോക്കോ നേരിട്ടത്. അവസാനഘട്ടത്തിൽ ചെഡീരി ചുവപ്പുകാർഡ് കണ്ട് പുറത്തായി പത്തുപേരായി ചുരുങ്ങിയെങ്കിലും മൊറോക്കോയെ തളർത്താനായില്ല. പ്രതിരോധ ഹൃദയത്തിന്റെ ചുമതലക്കാരനായ ക്യാപ്റ്റൻ റൊമാൻ സെയ്സ് പരിക്കേറ്റ് മടങ്ങിയതും അവരെ ബാധിച്ചില്ല.
ഇക്കുറിയും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താതെയാണ് ഫെർണാണ്ടോ സാന്റോസ് പോർച്ചുഗൽ ടീമിനെ ഇറക്കിയത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ കളിച്ചതുപോലെ എളുപ്പമായിരുന്നില്ല പോർച്ചുഗലിന്. മൊറോക്കോ പിടിച്ചുനിന്നു. മനോഹരമായി അവർ പന്ത് തട്ടി. ഹക്കീമിയും അമ്രാബതും ഉൾപ്പെട്ട മൊറോക്കൻനിര ആദ്യപകുതി അവസാനിക്കുംമുമ്പ് ലക്ഷ്യംകണ്ടു. യഹിയ അട്ടിയാത് അല്ലാഹിന്റെ ഒന്നാന്തരം ക്രോസിൽ നെസ്റി ഉയർന്നു. ഗോൾകീപ്പർ ദ്യേഗോ കോസ്റ്റയും പ്രതിരോധക്കാരൻ റൂബെൻ ഡയസും ഒരുമിച്ച് ചാടിയെങ്കിലും നെസ്റിയെ തടയാനായില്ല. ആ ഹെഡർ വല കണ്ടു. ഒറ്റ ഗോൾ മതിയായിരുന്നു മൊറോക്കോയ്ക്ക്.
രണ്ടാംപകുതിയിൽ റൊണാൾഡോയെ ഉൾപ്പെടെ ഇറക്കിയിട്ടും മൊറോക്കോ പ്രതിരോധത്തെ ഇളക്കാനായില്ല. മുപ്പത്തേഴുകാരനായ റൊണാൾഡോയ്ക്ക് ഇനിയൊരു ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞേക്കില്ല.