ദോഹ
വീണ്ടും വീണ്ടും ബ്രസീൽ പിഴവുകൾ ആവർത്തിക്കുന്നു. തുടർച്ചയായ ആറാംതവണയും ലോകകപ്പ് നോക്കൗട്ടിൽ യൂറോപ്യൻ കരുത്തിനുമുന്നിൽ ബ്രസീൽ വീണു. 2002ൽ ജർമനിയെ കീഴടക്കി അഞ്ചാംകിരീടം ഉയർത്തിയശേഷം കാനറികൾക്ക് നല്ല കാലമില്ല. എല്ലാ തവണയും സാധ്യതകളിൽ ഒന്നാമൻമാരായി എത്തും. സമ്മർദഘട്ടങ്ങളിൽ കളി മറക്കും. പതിവ് ഇത്തവണയും തെറ്റിയില്ല. ക്രൊയേഷ്യൻ യന്ത്രക്കാലുകളോട് ഓടിത്തോറ്റുപോയി ടിറ്റെയുടെ പട.
2006 ക്വാർട്ടറിൽ ഫ്രാൻസിനോട്, 2010ൽ നെതർലൻഡ്സിനോട്. 2014ൽ സ്വന്തം നാട്ടിൽ സെമിയിൽ ജർമനിയോട് 7–-1ന്റെ വൻവീഴ്ച. റഷ്യയിൽ ക്വാർട്ടറിൽ ബൽജിയത്തോട്. ഒന്നാംറാങ്കുകാരായാണ് നെയ്മറും സംഘവും ഖത്തറിൽ വന്നിറങ്ങിയത്. ഗ്രൂപ്പുഘട്ടത്തിൽ കാമറൂണിനോട് തോറ്റു. ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടറിലായിരുന്നു മികച്ച പ്രകടനം. പഴയ ബ്രസീലിനെ അന്ന് കളത്തിൽ കണ്ടു. പക്ഷേ, അപ്പോഴും ചില പോരായ്മകൾ മുഴച്ചിരുന്നു. വിങ്ങ് ബാക്കുകളായിരുന്നു പ്രധാന പ്രശ്നം. ഡാനിലോയും അലെക്സ് സാൻഡ്രോയും വേഗത്തിലും കൗശലത്തിലും ഏറെ പിന്നിൽ. കഫു, റോബർട്ടോ കാർലോസ്, മാഴ്സെലൊ തുടങ്ങി ലോകത്തെ വിസ്മയിപ്പിച്ച മുൻഗാമികളുടെ അടുത്തെത്താനുള്ള ശേഷിയുള്ള ആരും നിലവിൽ ടീമിലില്ല. ഡാനി ആൽവേസിനെ പ്രായം തളർത്തി. പ്രതിഭാധാരാളിത്തംകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ബ്രസീലിന് പ്രതിരോധത്തിൽ യുവതാരങ്ങളെ വളർത്തിയെടുക്കാനാകാതെ പോയി.
പരിശീലകൻ ടിറ്റെയുടെ വ്യവസ്ഥാപിത ശൈലിയും പിറകോട്ടടിച്ചു. ക്രൊയേഷ്യക്കെതിരെ മികച്ച കളി പുറത്തെടുത്ത വിനീഷ്യസ് ജൂനിയറിനെ പിൻവലിച്ചതും ലൂകാസ് പക്വേറ്റയെ നിലനിർത്തിയതും തിരിച്ചടിയായി. സുവർണകാലത്തിലേക്ക് മടങ്ങിവരാൻ വലിയ ചികിത്സ ആവശ്യമാണ് ബ്രസീലിന്. യൂറോപ്യൻപേടി മാറ്റുകയെന്നതാണ് പ്രധാനം. ടിറ്റെയ്ക്ക് പകരക്കാരൻ ഉടനെത്തും. പുതിയ പരിശീലകൻ എന്തു മാറ്റം കൊണ്ടുവരുമെന്ന് കാത്തിരുന്നു കാണാം.