ദോഹ
2018ലെ റണ്ണറപ്പുകൾ ഖത്തറിലും അത്ഭുതമാകുന്നു. ക്രൊയേഷ്യ. അതിവമ്പന്മാരില്ലാത്ത ഒരു കൂട്ടം. അതിലൊരു നായകനുണ്ട്–- ലൂക്കാ മോഡ്രിച്ച്. ബ്രസീലിന്റെ വഴിയടച്ച് ക്രൊയേഷ്യ ലോകകപ്പ് സെമിയിൽ കടക്കുമ്പോൾ ആരുംപറയും, ക്രൊയേഷ്യ, എന്തൊരു കടുപ്പം എന്ന്.
ശാരീരികമികവിനെക്കാൾ തലച്ചോറുകൊണ്ട് കളിക്കുന്ന നായകനാണ് മോഡ്രിച്ച്. 2018ൽ മുപ്പത്തേഴുകാരന്റെ കാലുകളായിരുന്നു അവരെ നയിച്ചത്. കളിയുടെ ഗതി തിരിക്കാൻ തനിക്കുകഴിയുമെന്ന് ഖത്തറിലും തെളിയിക്കുകയാണ് ഈ മിഡ്ഫീൽഡ് ജനറൽ. കളത്തിന്റെ എല്ലാ ഭാഗത്തും വിഹരിക്കും മോഡ്രിച്ച്. പന്ത് റാഞ്ചാനും ഗോൾമുഖത്തേക്ക് തൊടുക്കാനും മിടുക്കൻ.
ബ്രസീലിനെതിരായ ക്വാർട്ടറിൽ കളിയിൽ 139 തവണയാണ് മോഡ്രിച്ച് പന്ത് തൊട്ടത്. 115 പാസ് കൃത്യമായി സഹകളിക്കാർക്ക് കൈമാറി. ആവശ്യമുള്ളപ്പോൾ എതിരാളികളെ വീഴ്ത്താനും മടികാണിച്ചില്ല. പരിചയസമ്പന്നരായ ഇവാൻ പെരിസിച്ചും ദെയാൻ ലോവ്റനും ഇത്തവണ മോഡ്രിച്ചിന് കൂട്ടിനുണ്ട്. കൂടെ ഒരുപിടി യുവതാരങ്ങളും. ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ച് മിന്നുംപ്രകടനമാണ് നടത്തുന്നത്. ജപ്പാനും ബ്രസീലിനും തടസ്സമായി നിന്നത് ലിവാകോവിച്ചായിരുന്നു.
ബ്രസീലിന്റെ 11 ഷോട്ടുകളാണ് ലിവാകോവിച്ച് തടഞ്ഞിട്ടത്. പ്രതിരോധക്കാരൻ യോസ്കോ ഗ്വാർഡിയോളും ഈ കൂട്ടത്തിലുണ്ട്. ഏത് സമ്മർദഘട്ടത്തിലും എതിരാളിക്ക് പന്ത് വിട്ടുകൊടുക്കില്ല ഇരുപതുകാരൻ. 1998ലാണ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത്. പ്രഥമ ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനക്കാരായി വരവറിയിച്ചു. എന്നാല്‍, ആ പ്രകടനം തുടരാനായില്ല. 2002ലും 2006ലും 2014ലും ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായി. 2010 യോഗ്യത നേടാനായില്ല. 2006 ലോകകപ്പിലായിരുന്നു മോഡ്രിച്ചിന്റെ അരങ്ങേറ്റം. തീക്ഷ്ണമായ ജീവിതാനുഭവത്തിൽ ഉരുകിത്തെളിഞ്ഞാണ് മോഡ്രിച്ച് മൈതാനത്ത് എത്തിയത്.
ആട്ടിടയന്റെ മകനായിട്ടായിരുന്നു ജനനം. ബാല്യം കടന്നുപോയത് തീവ്രമായ ആഭ്യന്തരയുദ്ധത്തിനിടയിലൂടെയും. സ്വന്തം നാട്ടിൽ അഭയാർഥിയായി. ഡൈനാമോ സാഗ്രെബ് ടീമിലാണ് ആദ്യം കളിച്ചത്. അവിടെനിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്ട്സ്പറിലേക്ക്. നാല് സീസൺ ടോട്ടനത്തിൽ കളിച്ചു. 2012ൽ റയൽ മാഡ്രിഡിൽ. റയൽ അഞ്ചുതവണ ചാമ്പ്യൻസ് ലീഗും മൂന്ന് സ്പാനിഷ് ലീഗ് കിരീടവും നേടിയപ്പോഴും നിർണായക പങ്കാളിയായി. ക്രൊയേഷ്യക്കായി 160 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 23 ഗോളും നേടി.
1991 ജൂണിലാണ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവ്യ വിഭജിച്ച് ക്രൊയേഷ്യ രൂപീകൃതമായത്. 39 ലക്ഷം മാത്രമാണ് ക്രൊയേഷ്യയുടെ ആകെ ജനസംഖ്യ. ആയിരത്തിലധികം ക്ലബ്ബുകളാണ് ഈ ചെറിയ രാജ്യത്തുള്ളത്.