ഫുട്ബോളിൽ കവിത വിരിയിക്കുന്നതാണ് ലാറ്റിനമേരിക്കൻ ശൈലി. പെലെയും മാറഡോണയും ലോക ഫുട്ബോളിലെ മുടിചൂടാമന്നരായി ഇന്നും നിറഞ്ഞുനിൽക്കുന്നത് അതിനെ സ്വാംശീകരിച്ചതുകൊണ്ടാണ്.
തെരുവോരങ്ങളിലെ പന്തുകളിയിൽനിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയർന്നവരാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങൾ. ബ്രസീലിലെയും അർജന്റീനയിലെയും താരങ്ങൾ ഇത്തരം ലോകങ്ങളിൽനിന്നാണ് പൊതുവിൽ രൂപപ്പെടുന്നത്. അതിനാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കുതിപ്പ് സൗന്ദര്യാത്മക ഫുട്ബോളിന്റെ വിജയവും തിരിച്ചടികൾ അതിന്റെ ശോഭ കെടുത്തുന്നതുമാണ്. ആദ്യ ക്വാർട്ടർ ഫൈനലുകൾ ഈ രണ്ടിന്റേയും പ്രതീകങ്ങളായി മുമ്പിൽ നിൽക്കുന്നു.
അർജന്റീന നെതർലൻഡ്സുമായി നടത്തിയ പോരാട്ടം അവസാനം ലക്ഷ്യം കാണുകയായിരുന്നു. അർജന്റീന രണ്ട് ഗോളിന്റെ ലീഡിലായിരുന്നു 83- മിനിറ്റുവരെ. മെസിയുടെ ചേതോഹരമായ നീക്കങ്ങളും കളി മെനയലുകളും കണ്ട മത്സരത്തിൽ സഹപ്രവർത്തകരുടെ കളംനിറഞ്ഞ പിന്തുണ അർജന്റീനയ്ക്ക് തുണയായി. അവസാനംവരെ പൊരുതി തിരിച്ചുവരുന്ന യൂറോപ്പിന്റെ പ്രൊഫഷണലിസം നെതർലൻഡ്സും കളത്തിൽ തെളിയിച്ചു. അതിനെയെല്ലാം മറികടന്ന് പെനൽറ്റി ഷൂട്ടൗട്ടിലൂടെ അർജന്റീന ആരാധകരുടെ സ്വപ്നങ്ങളെ വാനോളമുയർത്തി സെമിയിലെത്തി. ലാറ്റിനമേരിക്കയുടെ അഭിമാനമായി. അവരുടെ സ്വപ്നങ്ങൾക്ക് ആയിരം ചിറകുകൾ നൽകി അർജന്റീന മുന്നേറുകയാണ്. കപ്പിലെത്തുമോ? ലോകം കാത്തിരിക്കുകയാണ്.
മറ്റൊരു ക്വാർട്ടറിൽ താരങ്ങളാൽ നിറഞ്ഞുനിന്ന ബ്രസീലിന്റെ മുന്നേറ്റങ്ങൾ ആദ്യപകുതിയിൽ ക്രൊയേഷ്യൻ പ്രതിരോധഭിത്തിയിൽത്തട്ടി വിഫലമായി. ഇടവേളയ്ക്കുശേഷം മറ്റൊരു ബ്രസീലിനെയാണ് കളിക്കളത്തിൽ കണ്ടത്. ക്രൊയേഷ്യൻ പ്രതിരോധത്തെ തുടർച്ചയായി ചിതറിച്ചുകൊണ്ട് നിരന്തരാക്രമണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ബോക്സിനകത്തുകയറി കുറിയ പാസിലൂടെ എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ബ്രസീലിയൻ ശൈലി തുടർച്ചയായി അരങ്ങേറിക്കൊണ്ടേയിരുന്നു. പലതും പ്രതിരോധം തട്ടിനീക്കിയപ്പോൾ, അവയെ മറികടന്നുപോയപ്പോഴാകട്ടെ ക്രൊയേഷ്യൻ ഗോളി വൻമതിലായി മുമ്പിൽ നിന്നു.
റഫീന്യക്കും വിനീഷ്യസിനുംപകരം ആന്തണിയും റോഡ്രിഗോയും ഇറങ്ങിയതോടെ ബ്രസീലിന്റെ കുതിപ്പിന് വേഗതകൂടി. അധികസമയത്ത് ബ്രസീലിന്റെ സുവർണനിമിഷം വന്നു. ബ്രസീൽ ഫുട്ബോളിന്റെ ചാരുത മുഴുവൻ ഒത്തിണങ്ങിയ ഗോൾ. എതിരാളികളെ വകഞ്ഞുമാറ്റി നെയ്മറുടെ മനോഹരമായ ഗോൾ. ബ്രസീൽ ലോകകപ്പിലേക്ക് മുത്തംവയ്ക്കുമെന്ന് ലോകം കരുതിയ നിമിഷം.
ബ്രസീലിയൻ ആരാധകരുടെ ആവേശത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പകരക്കാരനായി എത്തിയ ബ്രൂണോ പെട്കോവിച്ചിന്റെ ഷോട്ട് ഗോൾവലയെമാത്രമല്ല ബ്രസീലിയൻ സ്വപ്നങ്ങളെത്തന്നെ തുലച്ചുകളഞ്ഞു. പെനൽറ്റി ഷൂട്ടൗട്ട് ബ്രസീലിന്റെ വിധിയെഴുതി.
സൗന്ദര്യാത്മക ഫുട്ബോളിന്റെ അനേക നിമിഷങ്ങൾ ഈ ലോകകപ്പിലും നൽകി ബ്രസീൽ വിടവാങ്ങി. സാംബാ താളത്തിന് ഈ ലോകകപ്പിൽ അന്ത്യമായി. ഫുട്ബോളിൽ കവിത രചിക്കുന്ന ബ്രസീലിയൻ മുന്നേറ്റങ്ങൾ അവസാനിക്കുന്നതല്ലല്ലോ. ഗ്രീഷ്മം വന്നുവെങ്കിലും വസന്തത്തിന് മാറിനിൽക്കാനാകുമോ.