ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യാവേളയിൽ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റവാളികളെ വിട്ടയച്ചതിന് എതിരെ ബിൽക്കിസ്ബാനു നൽകിയ ഹർജി ചൊവ്വാഴ്ച്ച പരിഗണിക്കും. 11 പ്രതികളെ വെറുതേ വിട്ട ഗുജറാത്ത് സർക്കാരിന്റെ നടപടിക്ക് എതിരെ ബിൽക്കിസ് ബാനു റിട്ട്ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ശിക്ഷാഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയ സുപ്രീംകോടതി ഉത്തരവിന് എതിരെ പുനഃപരിശോധനാഹർജിയും നൽകിയിട്ടുണ്ട്.
പുനഃപരിശോധനാഹർജി തിങ്കളാഴ്ച്ചയും റിട്ട് ഹർജി ചൊവ്വാഴ്ച്ചയും ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പുനഃപരിശോധനാഹർജി ജഡ്ജിമാർ ചേംബറിൽ പരിഗണിച്ച് തീരുമാനം അറിയിക്കുകയാണ് പതിവ്. എന്നാൽ, തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന ആവശ്യം ബിൽക്കിസ്ബാനുവിന്റെ അഭിഭാഷകർ ഉന്നയിച്ചേക്കും.