തൃക്കാക്കര
ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ ദമ്പതികൾ എബിൻ വർഗീസും ശ്രീരഞ്ജിനിയും തട്ടിയെടുത്തത് 30 കോടിയിൽപരം രൂപയെന്ന് വിവരം. വെള്ളിയാഴ്ചവരെ ഇവര്‍ക്കെതിരെ 37 പരാതി വിവിധ ജില്ലകളില്‍നിന്ന് തൃക്കാക്കര പൊലീസിന് ലഭിച്ചു. പ്രമുഖ നടിയടക്കം സിനിമാമേഖലയിലുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. എറണാകുളം സ്വദേശിയായ പരാതിക്കാരനെ 11 കോടിയാണ് പറ്റിച്ചത്.
വാഴക്കാല സ്വദേശി എബിൻ വർഗീസ് ഓഹരിവിപണിയിൽ ഇതുവരെ നിക്ഷേപം നടത്തിയതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇയാളും ഭാര്യ ശ്രീരഞ്ജിനിയും ദുബായിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. എബിന് തായ്ലൻഡിൽ ബിസിനസ് ബന്ധങ്ങളുണ്ട്. ദമ്പതികൾ അവിടേക്ക് കടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം ഉപയോഗിച്ച് എബിൻ ജില്ലയിൽ ആറ് സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചിരുന്നു. ജില്ലയിൽ രണ്ട് ആഡംബര ഫ്ലാറ്റ് വാങ്ങിയതായും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ മൂന്ന് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.