കൊച്ചി
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന അപേക്ഷയ്ക്ക് ഒരുവർഷം കാത്തിരിക്കണമെന്ന ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബെഞ്ച് വിധി. 1869-ലെ വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 എ പ്രകാരം വേർപിരിയാനുള്ള ഏറ്റവുംകുറഞ്ഞ കാലയളവ് ഒരുവർഷത്തേക്ക് നിശ്ചയിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. രാജ്യത്ത് ഏകീകൃത വിവാഹനിയമം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് എന്തിനാണ് വ്യത്യസ്ഥ വിവാഹമോചനനിയമം എന്നും ഹൈക്കോടതി ചോദിച്ചു. വൈവാഹിക തർക്കങ്ങളിൽ ക്ഷേമവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിനുപകരം കുടുംബക്കോടതികൾ യുദ്ധഭൂമിയാക്കി മാറ്റുകയാണെന്നും പറഞ്ഞു. വിവാഹമോചന കേസുകളിൽ കക്ഷികളെ മതത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിയമം വേർതിരിക്കുന്നതെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഏകീകൃത വിവാഹനിയമം ഏർപ്പെടുത്തുന്നത് കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.