ദോഹ
സ്പെയ്നാണ് യാസിൻ ബോണോയുടെ തട്ടകം. 10 വർഷമായി സ്പെയ്നിലുണ്ട് ഈ മൊറോക്കോ കാവൽക്കാരൻ. ഗോൾവലയ്ക്കുകീഴിൽ ബോണോയെ പാകപ്പെടുത്തിയത് ഇവിടമാണ്. ലോകകപ്പ് പ്രീക്വാർട്ടർ ഷൂട്ടൗട്ടിൽ രണ്ട് പെനൽറ്റി തടഞ്ഞ മുപ്പത്തൊന്നുകാരൻ സ്പെയ്നിന്റെ പുറത്താകലിന് വഴികാട്ടി. ഒറ്റദിവസത്തെ അത്ഭുതമായിരുന്നില്ല അത്. ഖത്തറിൽ ഗോളിമാരുടെ പ്രകടനക്കണക്കിൽ ഒന്നാംപേരുകാരനാണ് ബോണോ. നാല് മത്സരങ്ങളിൽനിന്ന് ഇതുവരെ വഴങ്ങിയത് ഒറ്റ ഗോൾ. അതാകട്ടെ സ്വന്തംപ്രതിരോധക്കാരന്റെ പിഴവിലൂടെ. മൊറോക്കൻ വലയിലേക്ക് എതിരാളികൾ 28 തവണ പന്ത് തൊടുത്തെങ്കിലും എല്ലാം ബോണോയിൽ തട്ടിത്തെറിച്ചു.
ക്യാനഡയിലാണ് ബോണോ ജനിച്ചത്. അച്ഛനമ്മമാർ മെറോക്കോക്കാർ. അതിനാൽത്തന്നെ കളിത്തട്ടകം ഏതെന്ന ചോദ്യത്തിന് പ്രസക്തിയില്ലായിരുന്നു. എട്ടാംവയസ്സിൽ മൊറാേക്കൻ ക്ലബ് വിദാദ് അത്ലറ്റിക് അക്കാദമിയിൽ. 19–-ാംവയസ്സിൽ സീനിയർ അരങ്ങേറ്റം. 2012ൽ അത്ലറ്റികോ മാഡ്രിഡിലൂടെ സ്പെയ്നിലേക്ക്. അവരുടെ ബി ടീമിനായി കൈയുറ അണിഞ്ഞു. പക്ഷേ, പ്രധാനനിരയിൽ അവസരം ഒത്തില്ല. ഇതോടെ രണ്ടാംഡിവിഷൻ ടീമായ റയൽ സറഗോസയിൽ ചേക്കേറി. പിന്നീട് ജിറോണയിൽ. 2019ൽ സെവിയ്യയിൽ എത്തിയതോടെ തലവര മാറി. ഒന്നാംനമ്പർ ഗോളിയിലേക്ക് വളർന്നു.
ആറടി നാലിഞ്ചുകാരനാണ് ബോണോ. പെനൽറ്റി സ്പെഷ്യലിസ്റ്റാണ്. കളിജീവിതത്തിൽ നേരിട്ട 50 പെനൽറ്റിയിൽ പതിമൂന്നും തടുത്തു. തന്റെനേർക്ക് എത്തുന്ന പന്തുകളിൽ 26 ശതമാനവും മുപ്പത്തൊന്നുകാരൻ തടയുന്നുവെന്നാണ് കണക്ക്. ‘ഇത്തവണ ലോകകപ്പിനായി പെനൽറ്റി പരിശീലനം വളരെ കുറവായിരുന്നു. സ്പെയ്നിനെതിരെ ആസ്വദിച്ചാണ് ഷൂട്ടൗട്ടിൽ കാവൽനിന്നത്. മനസ്സിൽതോന്നുന്നത് ചെയ്യുക എന്നതിലാണ് കാര്യം. പിന്നെ ചെറിയ ഭാഗ്യവും ഉണ്ടെങ്കിൽ എല്ലാം ശരിയാകും’–- ബോണോ പറയുന്നു.
ക്വാർട്ടറിൽ ഇന്ന് പോർച്ചുഗലിന്റെ വിനാശകാരികളായ മുന്നേറ്റനിരയാണ് ബോണോക്കുമുന്നിൽ. ആരുവേണമെങ്കിലും വരട്ടെ, ഒരുകൈ നോക്കാമെന്നാണ് കാവൽക്കാരൻ പറയുന്നത്.