തിരുവനന്തപുരം
ടെംപ്ലേറ്റ് മാതൃകാ പരിഷ്കാരത്തിൽ ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടില്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യാഴാഴ്ച നിയമസഭയിൽ അറിയിച്ചു. ലൈസൻസുള്ള ആധാരമെഴുത്തുകാരൻ, അഭിഭാഷകൻ, ആധാരത്തിലെ കക്ഷികൾ എന്നിവർക്ക് ആധാരങ്ങൾ തയ്യാറാക്കാൻ അധികാരമുണ്ട്. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഫോം രൂപത്തിലുള്ള ആധാരങ്ങൾ ഈ മൂന്നു വിഭാഗത്തിനും തയ്യാറാക്കാം. ടെംപ്ലേറ്റ് സംവിധാനത്തിലൂടെ ആധാരങ്ങൾ തയ്യാറാക്കുകയെന്നാൽ രജിസ്ട്രേഷൻ വെബ് പോർട്ടലിലുള്ള വെബ് ആപ്ലിക്കേഷന്റെ സഹായത്തോടെ ആധാരം തയ്യാറാക്കുക എന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മാതൃക ഫോം മാർഗനിർദേശകം മാത്രമാണ്. ആധാര കക്ഷികൾക്ക് അതിലെ വ്യവസ്ഥകൾ, കരാറുകൾ എന്നിവയെല്ലാം ഇച്ഛാനുസരണം മാറ്റാം. തയ്യാറാക്കുന്ന ആധാരങ്ങൾ ഇ–- സ്റ്റാമ്പ് ഉൾപ്പെടെ പിഡിഎഫായി ഡൗൺലോഡ് ചെയ്യാം. ശരിപ്പകർപ്പ് ഉൾപ്പെടെ രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കാം. ആധാര കക്ഷികളുടെ വിരൽപ്പതിപ്പും ഫോട്ടോയും ഡിജിറ്റൽ രൂപത്തിൽ സേവ് ചെയ്തതിനുശേഷം രജിസ്റ്ററിങ് ഉദ്യോഗസ്ഥൻ ആധാരത്തിന്റെ പുറത്തെഴുത്തുകൾക്കുപകരം വിരൽപ്പതിപ്പും ഫോട്ടോയും ഉൾപ്പെടെ വിവരങ്ങൾ ആധാരത്തിൽ പ്രിന്റ് ചെയ്യും. രജിസ്ട്രേഷനുശേഷം പുറത്തെഴുത്തിന്റെ പ്രിന്റുചെയ്ത പകർപ്പ് ആധാരത്തിന്റെ ശരിപ്പകർപ്പിനൊപ്പംചേർത്ത് ഫയൽ ചെയ്യും. നടപടികൾ പൂർത്തിയാക്കി അസ്സൽ ആധാരം സ്കാൻ ചെയ്തശേഷം തിരികെ നൽകും. ഈ നടപടിക്രമങ്ങൾ പാലിക്കുകയാണെങ്കിൽ രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം തിരികെ നൽകാനാകും.
ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ സംസ്ഥാനത്തിന്റെ സൂചിക മെച്ചപ്പെടുത്തുന്നതിന് നിക്ഷേപം നടത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം തിരികെ നൽകേണ്ടതുണ്ട്. ഇപ്പോഴുള്ള സംവിധാനം ഇതിന് പര്യാപ്തമല്ലാത്തതിനാലാണ് പരിഷ്കാരമെന്നും മന്ത്രി അറിയിച്ചു.