ദോഹ
മൊറോക്കോ വന്യമായ ഒരു സ്വപ്നം കാണുന്നു. പോർച്ചുഗലിനെ കീഴടക്കി ലോകകപ്പ് സെമിയിലേക്കുള്ള കുതിപ്പ്. ഒരു ആഫ്രിക്കൻ ടീമിനും ആ നേട്ടം സാധ്യമായിട്ടില്ല. അൽ തുമാമാ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30നാണ് ക്വാർട്ടർ ഫൈനൽ. ഇരു ടീമുകളും മുമ്പ് ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം സ്വന്തമാക്കി. 2018ൽ പോർച്ചുഗൽ ഒരു ഗോളിന് ജയിച്ചു. 1986ൽ മൊറോക്കോയ്ക്കായിരുന്നു ജയം, 3–-1ന്.
മത്സരത്തലേന്നുള്ള വാർത്താസമ്മേളനത്തിലും പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് കൂടുതൽ നേരിട്ട ചോദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചായിരുന്നു. ചിരിച്ചുകൊണ്ടുള്ള മറുപടി. ടീമിൽ ഒരു പ്രശ്നവുമില്ല. ടീം ഹാപ്പിയാണ്. റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിനും ചിരിമാത്രം. എന്തായാലും റൊണാൾഡോ ഇത്തവണയും പകരക്കാരനായി ഇറങ്ങാനാണ് സാധ്യത. സ്വിറ്റ്സർലൻഡിനെതിരെ ഹാട്രിക് നേടിയ ഗോൺസാലോ റാമോസായിരിക്കും ആദ്യ ഇലവനിൽ. പരിശീലകന്റെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു ഇരുപത്തൊന്നുകാരന്റെ പ്രകടനം. പ്രീക്വാർട്ടറിലെ 6–-1 ജയം പോർച്ചുഗലിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. റൊണാൾഡോയെമാത്രം ആശ്രയിക്കുന്ന രീതി മാറി, ടീമായി കളിച്ചുതുടങ്ങിയതാണ് ഗുണപരമായ മാറ്റം. ബ്രൂണോ ഫെർണാണ്ടസും റാമോസും ജോയോ ഫെലിക്സും മുന്നേറ്റത്തിൽ വെടിച്ചില്ലുകളാണ്. അവസാന നിമിഷമെത്തി ഗോളടിക്കാൻ റാഫേൽ ലിയാവോയെപ്പോലുള്ള കളിക്കാരും ബെഞ്ചിലുണ്ട്. മധ്യനിരയിൽ ബെർണാഡോ സിൽവ–-ഒറ്റാവിയോ–-വില്ല്യം കാർവാലിയോ ത്രയം. മുപ്പത്തൊമ്പതുകാരൻ പെപെയും ഇരുപത്തഞ്ചുകാരൻ റൂബെൻ ഡയസുമാണ് പ്രതിരോധം കാക്കുന്നത്.
എട്ടാംലോകകപ്പ് കളിക്കുന്ന പോർച്ചുഗൽ രണ്ടുതവണമാത്രമാണ് സെമിയിലെത്തിയത്. 1966ൽ മൂന്നാംസ്ഥാനം നേടി. 2006ൽ നാലാംസ്ഥാനം. കഴിഞ്ഞതവണ ക്വാർട്ടറിൽ മടങ്ങി. യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തുനിന്നുള്ള ഏകപ്രതിനിധിയാണ് മൊറോക്കോ. യൂറോപ്യൻ ടീമുകളെയും ലാറ്റിനമേരിക്കൻ ടീമുകളെയും വെല്ലുവിളിക്കാനുള്ള ശേഷിയുണ്ട്. ക്വാർട്ടറിൽ കടക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമാണ്.
ആറാംലോകകപ്പ് കളിക്കുന്ന മൊറോക്കോയുടെ ശക്തി ഉലയാത്ത പ്രതിരോധമാണ്. അവസരം കിട്ടുമ്പോൾ പ്രത്യാക്രമണം നടത്തി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളുടെ പിൻബലത്തിലാണ് കുതിപ്പ്. 17 കളിക്കാർ ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ ലീഗുകളിൽ കളിക്കുന്നു. മുന്നേറ്റത്തിലെ ഹക്കീം സിയെച്ചും പ്രതിരോധത്തിലെ അച്റഫ് ഹക്കീമിയുമാണ് സൂപ്പർ താരങ്ങൾ.