ആലപ്പുഴ
തൃശൂരിൽ 13 ന് തുടങ്ങുന്ന കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് ചരിത്രം ഉറങ്ങുന്ന പുന്നപ്ര-–-വയലാർ രക്തസാക്ഷി കുടീരത്തിൽ ഉജ്ജ്വല തുടക്കം.
രണധീരരുടെ ജ്വലിക്കുന്ന ഓർമ സാക്ഷിയാക്കി വലിയചുടുകാട്ടിലെ ബലികുടീരത്തിന് മുന്നിൽ കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ളയിൽനിന്ന് ജാഥ ക്യാപ്റ്റൻ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ഏറ്റുവാങ്ങി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എം വിജയകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
ശനി രാവിലെ എട്ടിന് ജാഥ പ്രയാണം തുടങ്ങും. 35–-ാംസമ്മേളനത്തിന്റെ പ്രതീകമായി 35വീതം അത്ലീറ്റുകൾ 35 ബുള്ളറ്റുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പ്രയാണം. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വൈകിട്ട് അഞ്ചിന് അരൂരിൽ പര്യടനം അവസാനിപ്പിക്കും. ഞായറാഴ്ച എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.