കോട്ടയം > ആധുനികത നൽകിയ സാങ്കേതിക മികവുകൾ ഉപയോഗിച്ച് ആധുനിക വിരുദ്ധ മൂല്യങ്ങളെ ഉള്ളിലുറപ്പിക്കുന്ന വിപരീത ദിശയിലേക്കാണ് സമൂഹം നയിക്കപ്പെടുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം. ദേശാഭിമാനിയുടെ 80–-ാം വാർഷികത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടത്തിയ ‘അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ത്യയിൽ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര ബോധമെന്നത് സാങ്കേതികതയിലുള്ള തിരിച്ചറിവ് മാത്രമായി മാറുന്നു. അപ്പോൾ ശാസ്ത്രം ജന്മംകൊണ്ട സാമൂഹ്യ ചരിത്ര സന്ദർഭത്തെയും അത് മുമ്പോട്ടു വയ്ക്കുന്ന ലോക ബോധത്തെയും കുറിച്ചുള്ള ധാരണയല്ലാതാക്കും. ആധുനികതയുടെ പരിവേഷത്തിനുള്ളിൽ യാഥാസ്ഥിതികത്വവും പിന്തിരിപ്പൻ മൂല്യങ്ങളും പ്രചരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസരംഗം വളരുന്നതിനൊപ്പം അന്ധവിശ്വാസങ്ങളും വളരുന്നത് ഇതുകൊണ്ടാണ്. ആധുനികത നൽകിയ സാങ്കേതിക മികവുകൾ ഉപയോഗിച്ച് അതിന്റെ മൂല്യ വ്യവസ്ഥയെ തകർക്കുന്നതിന്റെ ഉദാഹരണമാണ് കംപ്യൂട്ടർ ജാതകവും ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറിയാണെന്ന സയൻസ് കോൺഗ്രസ് വേദിയിലെ വിടുവായിത്തവുമെല്ലാം. ആൾ ദൈവങ്ങൾ ചെയ്യുന്നതും ഇതാണ്.
അന്ധവിശ്വാസങ്ങൾക്കും മനുഷ്യത്വ വിരുദ്ധ നിലപാടുകൾക്കുമെതിരെ പ്രവർത്തിക്കുകയെന്ന കഠിന ദൗത്യമാണ് ദേശാഭിമാനി എന്നും ഏറ്റെടുത്തിട്ടുള്ളത്. പത്രങ്ങൾ വലുതാവുമ്പോൾ ജനപക്ഷത്തുനിന്നകന്ന് മൂലധന താൽപര്യങ്ങളുമായി സന്ധിചെയ്യുമെന്ന കേസരിയുടെ നിരീക്ഷണത്തെ ദേശാഭിമാനി തിരുത്തി. മൂന്നാമത്തെ വലിയ പത്രമായപ്പോഴും വിമർശനശേഷി കൈവിടാതെ മുലധനതാൽപര്യങ്ങളോട് എതിരിട്ട് വളരാൻ ദേശാഭിമാനിക്കായി. മറ്റൊരു പത്രത്തിനും കഴിയാത്ത, മനുഷ്യപക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നത് ഏറെ പ്രസക്തമാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു.