തിരുവനന്തപുരം > ഷാരോൺ വധക്കേസിൽ കോടതിയിൽ മൊഴിമാറ്റി ഒന്നാംപ്രതി ഗ്രീഷ്മ. പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് താൻ കൊലക്കുറ്റമേറ്റതെന്ന് ഗ്രീഷ്മ കോടതിയിൽ മൊഴി നൽകി. അച്ഛനെയും അമ്മയെയും പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗ്രീഷ്മയുടെ മൊഴിയിൽ പറയുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് ഓൺലൈനായാണ് ആദ്യം ഗ്രീഷ്മയുടെ മൊഴിരേഖപ്പെടുത്തിയത്.
തനിക്ക് ചില പരാതികളുണ്ടെന്ന് ഗ്രീഷ്മ മജിസ്ട്രേട്ടിനോട് പറഞ്ഞു. തുടർന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കോടതി മുറിയിലുണ്ടായിരുന്ന മറ്റാളുകളെ ഒഴിപ്പിച്ചശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തായ ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നാണ് ഈ സമയം ഗ്രീഷ്മ കോടതിയെ അറിയിച്ചത്.
അതേസമയം, അടിസ്ഥാനരഹിതമായ ആരോപണമാണ് ഇവർ ഉന്നയിച്ചിരിക്കുന്നതെന്നാണ് അന്വേഷകസംഘം പറയുന്നത്. രക്ഷപ്പെടാൻ വേണ്ടിയുള്ള തന്ത്രമാണ് പ്രതി പ്രയോഗിക്കുന്നതെന്ന് പൊലീസ് കരുതുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെന്നാണ് അന്വേഷക സംഘത്തിന്റെ നിലപാട്. ഗ്രീഷ്മയുടെ റിമാൻഡ് 14 ദിവസംകൂടി നീട്ടി.