ന്യൂഡൽഹി > ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി. പിസിസി പ്രസിഡന്റും മുൻമുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, മുൻ പിസിസി പ്രസിഡന്റ് സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് പൊരുതുന്നത്. തർക്കം രൂക്ഷമായതിനെ തുടർന്ന് പകൽ ചേരാനിരുന്ന നിയമസഭാകക്ഷി യോഗം രണ്ടുവട്ടം മാറ്റിവെച്ചു. രാത്രി വൈകിയാണ് കക്ഷിയോഗം ചേരാനായത്. നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനായി ഷിംലയിലെത്തിയ ഹൈക്കമാന്റ് നിരീക്ഷകസംഘം മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം വൈകിയേക്കുമെന്നതിനാൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് സാവകാശം തേടി.
പ്രതിഭാ സിങിനായി അനുയായികൾ ഷിംലയിൽ പരസ്യമായി തെരുവിലിറങ്ങി. ഗവർണറെ കാണാനിറങ്ങിയ നിരീക്ഷകസംഘത്തിന്റെ വാഹനങ്ങൾ തടഞ്ഞ് പ്രതിഭയ്ക്കായി മുദ്രാവാക്യം മുഴക്കി. പിന്നീട് കോൺഗ്രസ് ഓഫീസിന് മുന്നിലും പ്രതിഭയുടെ അണികൾ മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് കൂട്ടംകൂടി മുദ്രാവാക്യം മുഴക്കി. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് നിരീക്ഷകരായി എത്തിയ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, എഐസിസി ഇൻചാർജ് രാജീവ് ശുക്ല എന്നിവരോട് പ്രതിഭാ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
പകൽ 12 നാണ് നിയമസഭാകക്ഷി യോഗം ആദ്യം തീരുമാനിച്ചിരുന്നത്. തർക്കം കാരണം മൂന്ന് മണിയിലേക്കും പിന്നീട് രാത്രി എട്ട് മണിയിലേക്കും മാറ്റി. മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രതിഭാ സിങ് വാശിയോടെ നിൽക്കുന്നതാണ് നിരീക്ഷകരെ കുഴക്കുന്നത്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സുഖുവിനാണ്. 21 പേർ സുഖുവിനൊപ്പവും 15 പേർ പ്രതിഭയ്ക്കൊപ്പവുമുണ്ട്. ഇവരിൽ ആരെ പിണക്കിയാലും ബിജെപിയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് കേന്ദ്രനേതൃത്വം. തർക്കമുള്ളതിനാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം നിയമസഭാ കക്ഷിയോഗത്തിൽ അവതരിപ്പിക്കാനാണ് ഹൈക്കമാന്റ് നീക്കം.