ശബരിമല > മണ്ഡലകാലത്ത് ശബരിമല ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഈ മാസം ആദ്യവാരംവരെ ശരാശരി എൺപതിനായിരത്തോളം തീർഥാടകരാണ് ദർശനത്തിനെത്തിയത്. എന്നാൽ രണ്ടാംവാരം മുതൽ വർധിച്ചു. ശരാശരി തൊണ്ണൂറായിരംപേരാണ് ബുക്ക് ചെയ്തിട്ടുള്ളത്.
തിരക്കുവർധിച്ച സാഹചര്യത്തിൽ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. ഓരോ വകുപ്പുകളും പ്രവർത്തനം കാര്യക്ഷമമാക്കി. പമ്പമുതൽ സന്നിധാനം വരെ ഘട്ടംഘട്ടമായി ക്രമീകരണം ഏർപ്പെടുത്തിയാണ് ദർശനം. പ്രധാന പാതയിൽനിന്ന് തീർഥാടകർ വഴിതിരിഞ്ഞ് വനത്തിലൂടെ നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പൊലീസ് സ്പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. തിരക്ക് കൂടുന്നതനുസരിച്ച് സർവീസ് നടത്താൻ കെഎസ്ആർടിസിയും സജ്ജമാണ്. നിലവിൽ ഇരുനൂറിലധികം ബസുകൾ നിലയ്ക്കൽ – -പമ്പ ചെയിൻ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 189 ബസുകൾ സർവീസ് നടത്തി. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം ഇനിയും വർധിപ്പിക്കും.
ശബരിമലയിൽ ഇന്ന്
പുലർച്ചെ 2.30ന് പള്ളി ഉണർത്തൽ. മൂന്നിന് നട തുറക്കൽ, നിർമാല്യം. 3.05ന് അഭിഷേകം. 3.30ന് ഗണപതി ഹോമം. 3.30 മുതൽ ഏഴുവരെയും എട്ടുമുതൽ 11 വരെയും നെയ്യഭിഷേകം. ആറിന് അഷ്ടാഭിഷേകം. 7.30ന് ഉഷപൂജ. 11.30ന് 25 കലശാഭിഷേകം. 12ന് കളഭാഭിഷേകം. 12.30ന് ഉച്ചപൂജ. പകൽ ഒന്നിന് നടയടച്ച് മൂന്നിന് തുറക്കും. 6.30ന് ദീപാരാധന. ഏഴുമുതൽ പുഷ്പാഭിഷേകം. 9.30ന് അത്താഴപൂജ. 10.50ന് ഹരിവരാസനം പാടി 11ന് നടയടയ്ക്കും.