തിരുവനന്തപുരം> പതിനാലുകാരിയെ കടന്ന് പിടിച്ച കേസില് പ്രതിക്ക് ആറ് വര്ഷം കഠിന തടവും 25,500 രൂപയും പിഴ. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദര്ശന് ആണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂര് ചെന്നിവിള വാര്ഡ് വിജി ഭവനില് രവീന്ദ്രന് നായരെ (64)യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില് രണ്ട് കൊല്ലം കൂടുതല് തടവ് അനുഭവിക്കണം.
2019 ആഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനില് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിള് ചവിട്ടി പോവുകയായിരുന്ന പെണ്ക്കുട്ടിയെ പ്രതി തടഞ്ഞുനിര്ത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.
സംഭവ സമയത്ത് റോഡില് തിരക്കില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല് കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതില് ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. പഠിത്തത്തിലും കായിക രംഗത്തും മിടുക്കിയായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയായിരുന്നു.
ഇത് വീട്ടുകാരും സ്കൂള് അധ്യാപകരും ശ്രദ്ധിച്ചിരുന്നു. എന്നാല് കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി പുറത്ത് പറഞ്ഞില്ല. സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല എന്നറിഞ്ഞ പ്രതി കുട്ടിയെ വീണ്ടും കാണുമ്പോള് അശ്ലീല ചേഷ്ടകള് കാണിക്കുമായിരുന്നു. തുടര്ന്ന് സ്കൂളില് ഇരുന്ന് കുട്ടി കരയുന്നത് അധ്യാപിക കണ്ട് ചോദിച്ചപ്പോള് സംഭവം പറയുകയായിരുന്നു. തുടര്ന്നാണ് പൊലീസില് പരാതി നല്ക്കിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടര് ആര്.എസ്.വിജയ് മോഹന്, അഡ്വ.എം.മുബീന ഹാജരായി.പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിച്ചു.20 രേഖകള് ഹാജരാക്കി. പിഴ തുക ഇരയായ പെണ്ക്കുട്ടിക്ക് നല്കാന് ഉത്തരവില് പറയുന്നുണ്ട്. മ്യൂസിയം സബ് ഇന്സ്പെക്ടര്മാരായ ബി.എം.ഷാഫി, ശ്യാംരാജ് ജെ നായര് എന്നിവരാണ് കേസ് അന്വേഷിച്ചത്.