പാലക്കാട് > കിസാൻസഭയുടെ 35–- -ാമത് അഖിലേന്ത്യാ സമ്മേളനത്തിനുള്ള ദീപശിഖാ റാലി ശനിയാഴ്ച സംസ്ഥാനത്ത് പ്രവേശിക്കും. പാലക്കാട് –- വാളയാർ അതിർത്തിയിൽ പകൽ 12ന് ജാഥയെ സ്വീകരിക്കും. 35 അത്ലറ്റുകളുടെ അകമ്പടിയിൽ 35 ബുള്ളറ്റുകളുടെ റാലിയോടെയാണ് ജാഥയ്ക്ക് സ്വീകരണം നൽകുക.
കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കീഴ്വെൺമണിയിൽനിന്ന് ആരംഭിച്ച ദീപശിഖയും ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ തെലങ്കാനയിൽനിന്ന് ആരംഭിച്ച ദീപശിഖാ ജാഥയും സേലത്ത് സംഗമിച്ചാണ് വാളയാറിലെത്തുന്നത്. വാളയാറിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് പാലക്കാട് സ്റ്റേഡിയം മൈതാനത്ത് സ്വീകരണം നൽകും. ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ണാടി കാഴ്ചപ്പറമ്പിൽനിന്നാണ് ജാഥ ആരംഭിക്കുക.
തുടർന്ന് കുഴൽമന്ദം, ആലത്തൂർ, വഴി വടക്കഞ്ചേരിയിൽ സമാപിക്കും. തിങ്കൾ രാവിലെ പത്തിന് വടക്കഞ്ചേരിൽനിന്ന് വാണിയമ്പാറ വഴി തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും. തിങ്കൾ വൈകിട്ട് നാലിന് ദീപശിഖാറാലി ശക്തൻനഗറിലെത്തും. 13 മുതൽ 16 വരെ തൃശൂരിലാണ് കിസാൻസഭ അഖിലേന്ത്യാ സമ്മേളനം. 13ന് കെ വരദരാജൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 16ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഒരു ലക്ഷംപേരുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.