ദുബായ്> യുഎഇയുടെ വിദേശ വ്യാപാരം ഈ വർഷം 2.2 ട്രില്യൻ ദിർഹത്തിൽ എത്തുമെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം. കഴിഞ്ഞവർഷത്തെ 1.9 ട്രില്യൻ ദിർഹമിനെ അപേക്ഷിച്ച് ഏകദേശം 16 ശതമാനം വർദ്ധനവാണ് വ്യാപാരത്തിൽ പ്രതീക്ഷിക്കുന്നത് എന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.
2022 ആദ്യ 9 മാസങ്ങളിൽ 19 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം അവസാന പാദത്തിലും അടുത്തവർഷം തുടക്കത്തിലും ആഗോള വളർച്ചയുടെ വേഗത നഷ്ടപ്പെടാൻ സാധ്യത പ്രവചിക്കുന്നതിനിടെയാണ് യുഎഇ മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. ലോകതലത്തിൽ വ്യാപാര വളർച്ച മന്ദഗതിയിൽ ആകാൻ സാധ്യതയുണ്ട് എന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ആണ് ഏറ്റവും പുതിയതായി പ്രവചിച്ചിരിക്കുന്നത്.
യുഎഇ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തവും വേഗത്തിലും വളരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന്ന് ഷെയ്ക്ക് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു. പുറത്തുവന്ന കണക്കുകൾ പ്രകാരം യുഎഇ സമ്പദ് വ്യവസ്ഥ മഹാമാരിക്ക് ശേഷം വലിയ മുന്നേറ്റത്തിലാണ്. പണപ്പെരുപ്പ് നിരക്ക് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ആദ്യത്തെ 9 മാസത്തെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനം ആയിരുന്നു ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അടുത്തവർഷം പണപ്പെരുപ്പം ഇനിയും കുറയ്ക്കാനുള്ള പ്രവർത്തനത്തിലാണ് യുഎഇ.