തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തന്നേതീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ അനുമതി തരേണ്ടിവരും. നടപ്പാക്കാനാകാത്ത പദ്ധതിയെന്ന നിലപാട് ഒരു ഘട്ടത്തിലും കേന്ദ്രം സ്വീകരിച്ചിട്ടില്ല. വ്യക്തമായി പരിശോധിച്ച് തീരുമാനം എന്നതാണ് നിലപാട്. അങ്ങേയറ്റത്തെ രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും പദ്ധതി കണ്ണടച്ച് എതിർക്കാനോ തള്ളിപ്പറയാനോ കേന്ദ്രത്തിനാകുന്നില്ല. ഇത്തരം പദ്ധതി രാജ്യത്തിന്റെ വിവിധ ഭാഗത്തും നടപ്പാക്കപ്പെട്ടു. ഇനി നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അനുമതി ലഭിക്കുമ്പോൾ വേഗത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. എന്നാൽ, കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുള്ളവർ എതിരായി നിൽക്കുന്നതിനാൽ അനുമതിയായശേഷം തുടർനടപടി മതിയെന്ന് തീരുമാനിച്ചു. പദ്ധതിയുടെ ഫീൽഡ് പ്രവർത്തനത്തിൽ ഉണ്ടായിരുന്നവരെ ആവശ്യമാകുമ്പോൾ മടക്കിക്കൊണ്ടുവരാമെന്ന ഉദ്ദേശത്തോടെ മറ്റു ജോലികൾക്ക് നിയോഗിക്കുകയാണ്. സിൽവർ ലൈൻ സമരത്തിലൂടെ പ്രതിപക്ഷം നാടിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. യുഡിഎഫും കേന്ദ്ര ഭരണകക്ഷികൂടിയായ ബിജെപിയും സമാന്തര പ്രക്ഷോഭം നടത്തിയതോടെ കേന്ദ്ര സർക്കാർ മനോഭാവത്തിൽ പിന്നീട് മാറ്റംവന്നു.
ലോക്സഭയിലെ കേരള എംപിമാരിൽ ഒന്നുരണ്ടു പേരൊഴികെ പാർലമെന്റിൽ സംസ്ഥാനത്തിനെതിരായ നിലപാട് സ്വീകരിച്ചു. നേരിൽക്കണ്ട് പദ്ധതിയുടെ ആവശ്യകത വ്യക്തമാക്കിയപ്പോൾ പ്രധാനമന്ത്രിയും എതിരായി പറഞ്ഞില്ല. എന്നാൽ, രാഷ്ട്രീയ ഇടപെടലുകളിൽ വിരുദ്ധ നിലപാട് മൊത്തത്തിലുണ്ടായി. സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോയെന്ന് കരുതേണ്ട. പുരോഗതിക്ക് തടസ്സമാകുന്ന പ്രക്ഷോഭത്തിന് വഴങ്ങാൻ എൽഡിഎഫ് സർക്കാരിനാകില്ല. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ–- കൊച്ചി പവർ ഹൈവേ വികസനത്തിലെല്ലാം സ്വകീരിച്ച നിലപാട് ഇവിടെയും തുടരും. നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ക്രയവിക്രയത്തിന് തടസ്സമില്ല: മന്ത്രി
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി വിജ്ഞാപനംചെയ്ത ഭൂമിയുടെ ക്രയവിക്രയത്തിനോ കരമടയ്ക്കാനോ ഒരു തടസ്സവുമില്ലെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ഇതിന് ഏതെങ്കിലും ഉദ്യോഗസ്ഥർ തടസ്സംനിന്നാൽ കർശന നടപടി സ്വീകരിക്കും. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ സർക്കാരിനോ കെ–- റെയിലിനോ ഒരുവിധ അവകാശവുവുമില്ല. അതിനാൽ, ഭൂമി കൈമാറ്റത്തിനോ പണയപ്പെടുത്താനോ, റവന്യുരേഖകൾ സമ്പാദിക്കാനോ തടസ്സമില്ല.
സാമൂഹികാഘാത പഠനം നടത്തുന്നതിനു മാത്രമാണ് വിജ്ഞാപനം. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകണമെങ്കിൽ റെയിൽവേ ബോർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും അന്തിമാനുമതി ലഭിക്കണം. ഭൂമി ഏറ്റെടുക്കാനുള്ള വിഞ്ജാപനം പുറപ്പെടുവിച്ചാൽ മാത്രമേ ക്രയവിക്രയത്തിന് നിയന്ത്രണമുണ്ടാകൂ . ഭൂമി കൈമാറ്റത്തിനടക്കം ഒരു തടസ്സവും പാടില്ലെന്ന് വ്യക്തമാക്കി കലക്ടർമാർക്കും രജിസ്ട്രേഷൻ ഐജിക്കും സഹകരണ രജിസ്ട്രാർക്കും വളരെമുമ്പുതന്നെ കത്ത് നൽകിയതാണെന്നും മന്ത്രി പറഞ്ഞു.
അനുമതിയായാലും
തടയുമെന്ന് സതീശൻ
കേന്ദ്രം അനുവദിച്ചാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം അനുമതി തന്നാലും യുഡിഎഫ് സമരം ചെയ്യും. സിൽവർ ലൈനിനേക്കാൾ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വരുന്നതാണ് കേരളത്തിന് നല്ലതെന്നും നിയമസഭയിൽ വി ഡി സതീശൻ പറഞ്ഞു.