കോവളം
സമരത്തെതുടർന്ന് നാലു മാസത്തോളം മുടങ്ങിയ വിഴിഞ്ഞം തുറമുഖനിർമാണം പുനരാരംഭിച്ചു. പുലിമുട്ട് നിർമാണത്തിനായി 40 ലോഡ് പാറ വ്യാഴാഴ്ച എത്തിച്ചു. വെള്ളിയാഴ്ചമുതൽ പാറ കടലിൽ നിക്ഷേപിച്ചുതുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇതിനായി ഡ്രഡ്ജറുകൾ വിഴിഞ്ഞത്ത് എത്തി. പദ്ധതിപ്രദേശത്തെ അടിയന്തരമായി തീർക്കേണ്ട ചില അറ്റകുറ്റപ്പണികളാണ് വ്യാഴാഴ്ച നടന്നത്.
പുലിമുട്ട് നിർമാണം വേഗത്തിലാക്കി ആറു മാസത്തിനുള്ളിൽ ആദ്യ കപ്പൽ അടുപ്പിക്കാനാണ് ശ്രമം. ഇതിനായി 30,000 ടൺ പാറ പ്രതിദിനം കടലിൽ നിക്ഷേപിക്കാൻ ബാർജുകൾ സജ്ജമാക്കും. 2.9 കിലോമീറ്ററിലാണ് പുലിമുട്ട് നിർമ്മിക്കേണ്ടത്. ഇതിൽ 1.4 കിലോമീറ്റർ നിർമാണം പൂർത്തിയായി. ബെർത്ത് നിർമാണത്തിനായുള്ള പൈലിങ് ജോലികളും ഏകദേശം പൂർത്തിയായി. ആകെ വേണ്ട 1.7 കിലോമീറ്റർ അപ്രോച്ച് റോഡിൽ രണ്ടു പാലം ഉൾപ്പെടെ 600 മീറ്റർ നിർമാണം പൂർത്തിയായി. പോർട്ട് ഓപ്പറേഷൻ കെട്ടിടം, 220 കെവി സബ്സ്റ്റേഷൻ എന്നിവ നിർമിച്ചു.
മുല്ലൂരിലെ തുറമുഖകവാടത്തിലെ സമരപ്പന്തൽ ബുധൻ വൈകിട്ടോടെ സമരസമിതിക്കാർ നീക്കം ചെയ്തു. പന്തൽ പൊളിച്ചതിനു പിന്നാലെ ബാരിക്കേഡുകളും പൊലീസ് നീക്കം ചെയ്തു. തുറമുഖ സെക്രട്ടറി കെ ബിജു വ്യാഴാഴ്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഉദ്യോഗസ്ഥരുമായും അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും ചർച്ച നടത്തി.