കൊച്ചി
സാങ്കേതിക സർവകലാശാല (കെടിയു) താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. 2018 ലെ യുജിസി ചട്ടങ്ങൾ അനുസരിച്ച് താൽക്കാലിക വിസിമാരെ നിയമിക്കാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. യുജിസി ചട്ടത്തിൽ പ്രത്യേക വ്യവസ്ഥ ഇല്ലാത്തതിനാൽ കെടിയു നിയമമാണ് നിലനിൽക്കുന്നത്. കേന്ദ്രനിയമത്തിലില്ലാത്ത ഒരു വ്യവസ്ഥ സംസ്ഥാനനിയമത്തിൽ ഉണ്ടെങ്കിൽ യുജിസി നിയമത്തിന് വിരുദ്ധമാകാത്തപക്ഷം അത് നിലനിൽക്കും. കെടിയു നിയമം അനുസരിച്ചാണ് ചാൻസലർ നിയമനം നടത്തേണ്ടതെന്നും ഹർജിയിൽ പറയുന്നു.
യുജിസി മാനദണ്ഡപ്രകാരം വിസിയായി തുടരാൻ സിസ തോമസിന് മതിയായ യോഗ്യതയില്ല. 10 വർഷം പ്രൊഫസറായി പരിചയം വേണമെന്നാണ് നിയമം. ഈ 10 വർഷത്തിൽ ഒമ്പതര വർഷവും സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലാണ് ജോലി ചെയ്തിട്ടുള്ളത്. താരതമ്യേന ജൂനിയറുമാണ്. കെടിയുവിലെ വിസി നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിസിയുടെ ഉത്തരവുകൾ റദ്ദാക്കിയിരുന്നില്ല. അതിനാൽ വിസി നിയമിച്ച പിവിസിക്ക് ചുമതല നൽകാമായിരുന്നു. പകരം സിസ തോമസിനെ താൽക്കാലികമായി ഗവർണർ നിയമിക്കുകയായിരുന്നു. ഇതിൽ അപാകമുണ്ടെന്നും ഹർജിയിൽ പറയുന്നു. യുജിസി മാനദണ്ഡപ്രകാരം വിസിയായി തുടരാനാവശ്യമായ സീനിയോരിറ്റി സിസ തോമസില്ലെന്ന് സിംഗിൾ ബെഞ്ച് കണ്ടെത്തിയെങ്കിലും അവർക്ക് യോഗ്യതയുണ്ടെന്ന കാരണത്താലാണ് നിയമനം ശരിവച്ചത്. ഇവരുടെ നിയമനം സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും ഹർജിയിൽ പറയുന്നു.