കയ്യൂർ
തൃശൂരിൽ 13 മുതൽ 16 വരെ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം വഹിച്ചുള്ള ജാഥ കയ്യൂരിൽനിന്ന് പ്രയാണം തുടങ്ങി. നൂറുകണക്കിന് കർഷകരുടെ മുദ്രാവാക്യം വിളിയും വെടിക്കെട്ടും ആവേശമേറ്റിയ അന്തരീക്ഷത്തിൽ കയ്യൂർ രക്തസാക്ഷി നഗറിലാണ് വ്യാഴാഴ്ച വൈകിട്ട് ജാഥക്ക് തുടക്കമായത്. കയ്യൂർ രക്തസാക്ഷിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷമായിരുന്നു ചടങ്ങ്. കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ കർഷകസംഘം സംസ്ഥാന സെക്രട്ടറിയും ജാഥാലീഡറുമായ വത്സൻ പനോളിക്കും സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ മാനേജരുമായ വി എം ഷൗക്കത്തിനും കൊടിമരം കൈമാറി.
കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ മൂത്ത സഹോദരി ചെമ്മരത്തിയുടെ മകൾ ജാനകിയുടെ മകൻ മേലാടത്ത് ചന്ദ്രശേഖരൻ സൗജന്യമായി നൽകിയ പ്ലാവിലാണ് കൊടിമരം തീർത്തത്. ശിൽപ്പി ഉണ്ണി കാനായിയും സംഘവുമാണ് രൂപകൽപ്പനചെയ്തത്.
രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ബൈക്ക് റാലിയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടായി. ആദ്യദിനം കാലിക്കടവിൽ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.