ലണ്ടൻ> കൈരളി യു കെ സംഘടിപ്പിച്ച ഗുരുപൂർണ്ണിമ സദസ്സിൽ മലയാളത്തിന്റെ ധെെക്ഷണീക പ്രഭാവമായ പ്രൊഫ. എം കെ സാനുവിന് സ്നേഹാദരം . ഓൺ ലെെൻ വേദിയായ സൂമിൽ നടന്ന പരിപാടിയിൽ അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ യൂറോപ്പിലെ വായനക്കാർക്ക് പരിചയപ്പെടുത്തി .ചടങ്ങിൽ കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം തോമസ്സ് ഐസക്ക്, നോളജ് മിഷൻ ഡയറക്ടർ ഡോ പി.എസ് ശ്രീകല എന്നിവർ പങ്കെടുത്തു. കൈരളി യു.കെക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളായ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവർ പരിപാടിയിൽ പങ്കുചേർന്നു.
നമ്മുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എം കെ സാനു സംസാരിച്ചു. ഭരണാധികാരികകേന്ദ്രങ്ങൾ സംസ്കാരവൽക്കരിക്കുന്നതിനായി നിരന്തരം സാഹിത്യത്തിലൂടെയും മറ്റു കലകളിലൂടെയും നാം ശ്രമിച്ചു കൊണ്ടിരിക്കണം. ഇന്ന് പലതരത്തിലുള്ള ദുഷ് സ്വാധീനങ്ങൾ നമ്മുടെ ചിന്തയെയും പൈതൃകത്തെയും ബാധിച്ചിട്ടുണ്ട് എന്നും വാമനജയന്തി പോലുള്ള, നമ്മുടെ വീക്ഷണങ്ങളെ പിന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ നടക്കുന്ന ഘട്ടത്തിൽ ഇന്നിന്റെ പഠനങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നിരന്തരം നവീകരിക്കാൻ ശ്രമങ്ങളുണ്ടാകണമന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന സാനു മാഷെ കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കുറിച്ചു ഡോ.ടി.എം തോമസ്സ് ഐസക്ക് ഓർമ്മകൾ പങ്കുവെച്ചു . സാനുമാഷ് സംഭാവന ചെയ്ത അമൂല്യഅക്ഷര സമ്പത്തുകൾ വരും തലമുറകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്ന് അദ്ദേഹത്തിന്റെ ശിഷ്യ കൂടിയായ ഡോ.പി.എസ്സ്. ശ്രീകല അഭിപ്രായപ്പെട്ടു. സാനു മാഷിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനും സംരക്ഷിക്കാനുമായി തുടക്കം കുറിച്ച സമൂഹ് കൊച്ചി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയെപ്പറ്റിയും സമ്പൂർണ്ണ കൃതിയുടെ ഓരോ വാല്യങ്ങളുടെ പ്രത്യേകതകളെ കുറിച്ചും ശിഷ്യനായ കൃഷ്ണദാസ് സംസാരിച്ചു.
ബിജി ഗോപാലകൃഷ്ണൻ (ക്രാന്തി അയർലൻഡ്), ശിവഹരി നന്ദകുമാർ (സംസ്കാര ജർമ്മനി), രമ്യ കൊരട്ടി (യുവധാര മാൾട്ട), നിയാസ് സി ഐ (രക്തപുഷ്പങ്ങൾ ഇറ്റലി), ലിജിമോൻ മനയിൽ (കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്), മധു ഷൺമുഖം (കൈരളി യു.കെ) എന്നിവർ സംസാരിച്ചു. കൈരളി യുകെ എക്സിക്യൂട്ടീവ് അംഗം ഐശ്വര്യ അലൻ നന്ദി പറഞ്ഞു.
പരിപാടിയുടെ റെക്കോർഡിങ് കാണുവാനുള്ള ലിങ്ക് – https://fb.watch/hf-4x9HZyo/