കാസർകോട്
സെക്രട്ടറിയേറ്റിന് മുന്നിലെ എൻഡോസൾഫാൻ സമരപ്പന്തലിൽനിന്ന് പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി. പൊലീസിൽ പരാതി നൽകാനൊരുങ്ങിയപ്പോൾ സമരസമിതി നേതാക്കൾ തടഞ്ഞു. പണവും രേഖകളും തിരിച്ചുപിടിക്കാൻ ഉടൻ പരാതി നൽകുമെന്നും ദയാബായി അറിയിച്ചു.
പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ, സമരപ്പന്തലിലായിരുന്ന ബാഗ് സമരസമിതി പ്രവർത്തകർ തിരിച്ച് നൽകിയെങ്കിലും 70,000 രൂപയും വിലപ്പെട്ട രേഖകളും ഡയറിയും വിദേശസുഹൃത്ത് തന്ന പുതപ്പും നഷ്ടപ്പെട്ടിരുന്നു. പൊലീസിൽ പരാതി നൽകാനൊരുങ്ങിയപ്പോൾ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ തടഞ്ഞു. പണം നഷ്ടപ്പെട്ടത് എങ്ങിനെയെന്ന് സമരസമിതിക്കാർക്ക് അറിയാമായിരിക്കാം, ആരെയെങ്കിലും സംരക്ഷിക്കാനാണോ പിന്തിരിപ്പിച്ചതെന്നറിയില്ല.
സമരത്തിന് പിന്തുണയറിയിച്ചെത്തുന്നവർ സാമ്പത്തിക സഹായം നൽകുമായിരുന്നു. ഇതിന്റെ കണക്ക് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. പലരും പണം കൈയിൽവച്ച് തരും. കണക്കൊന്നും നോക്കാറില്ല. അവാർഡിനത്തിൽ കിട്ടിയ 50,000 രൂപയും സമരച്ചെലവിന് കരുതിയ 20,000 രൂപയുമാണ് നഷ്ടമായത്. എന്തുവന്നാലും പണവും രേഖകളും തിരിച്ചുകിട്ടിയേ പറ്റൂ–- ദയാബായി പറഞ്ഞു.
വിലക്കിയത് ദുരൂഹം
എൻഡോസൾഫാൻ മേഖലയിൽ ഇരകൾക്ക് അഞ്ചുലക്ഷംരൂപ വീതം സഹായമുൾപ്പെടെ നൽകിയ സംസ്ഥാന സർക്കാരിനെ കരിവാരിത്തേക്കാനാണ് കഴിഞ്ഞ ഒക്ടോബറിൽ കാസർകോട്ടെ സ്വയം പ്രഖ്യാപിത സമരക്കാർ തിരുവനന്തപുരത്ത് സമരം സംഘടിപ്പിച്ചത്. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണനായിരുന്നു അണിയറയിൽ. സമരത്തിന് മാധ്യമങ്ങൾ വലിയ പ്രചാരം നൽകി. മാധ്യമശ്രദ്ധ കിട്ടിയതിനാൽ വൻതോതിൽ ഫണ്ടും ലഭിച്ചെന്നാണ് ദയാബായിയുടെ വാക്കുകളിൽ തെളിയുന്നത്. മുഴുവൻ സമയവും സിസിടിവി സാന്നിധ്യമുള്ള സെക്രട്ടറിയറ്റ് നടയിലായിരുന്നു സമരം. പീഡിത മുന്നണി അറിയാതെയാണ് കുഞ്ഞികൃഷ്ണൻ സമരവുമായി മുന്നാട്ടുപോയതെന്ന് സഹപ്രവർത്തകർ പറയുന്നു. പണമിടപാട് സംബന്ധിച്ച കൃത്യത വരുത്താൻ ഇയാൾ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും സഹപ്രവർത്തകർക്കുണ്ട്.