തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ അധിക ഭൂമി, വ്യവസായ ആവശ്യത്തിന് ഉപയോഗപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. 42 പൊതുമേഖലാ സ്ഥാപനത്തിൽ 361.42 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഒമ്പതു സ്ഥാപനത്തിലെ 40.14 ഏക്കർ ഭൂമിയുടെ വിശദപദ്ധതി രേഖ തയ്യാറാക്കി. കിൻഫ്ര വഴിയോ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെയോ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കും. പൊതുമേഖലാ സ്ഥാപനത്തിനുള്ള അസംസ്കൃതവസ്തു ഉൽപ്പാദനമോ ഉപോൽപ്പന്ന വ്യവസായങ്ങളോ ഇല്ലെങ്കിൽ മറ്റു സംരംഭങ്ങളോ ആരംഭിക്കാനാകും.
ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ താലൂക്കുതല വിപണന മേളകൾ സംഘടിപ്പിക്കും. ജനുവരിയിൽ എറണാകുളത്ത് സംരംഭകസംഗമം സംഘടിപ്പിക്കും. ഇ–- കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ നടപടിയായി. ഉൽപ്പന്നങ്ങൾക്ക് കേരള ബ്രാൻഡിങ് നൽകുന്നതും പരിഗണനയിലാണ്. സംരംഭകവർഷം പദ്ധതിയിൽ ഇതുവരെ 98,834 സംരംഭം ആരംഭിച്ചു.
പുതുതായി അനുമതി നൽകിയ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിലൂടെ 58 കോടി നിക്ഷേപവും 3950 തൊഴിലവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.